
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരമുളള മോഡേൺ ഫാർമസിയെ വരവേൽക്കാൻ ഒരുങ്ങി തലസ്ഥാനം. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മോഡേൺ ഫാർമസി നാടിന് സമർപ്പിക്കാനുളള ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ്. എം ആർ പി വിലയിൽ നിന്നും കുറച്ച് ഇന്ത്യയിൽ ആദ്യമായി മരുന്നുകൾ വിൽക്കാൻ തുടങ്ങിയ ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ നിർമ്മാണം ആരംഭിക്കാൻ ഇരിക്കുന്ന പുതിയ കെട്ടിടമാണ് മോഡേൺ ഫാർമസിയാകുന്നത്.
സാധാരണ മെഡിക്കൽ സ്റ്റോറിൽ ഡോക്‌ടറുടെ കുറിപ്പുമായി മരുന്ന് വാങ്ങാൻ മാത്രമാണ് നമ്മളൊക്കെ പോകാറുളളത്. ഒരു മരുന്ന് എങ്ങനെ കഴിക്കണമെന്നും ആ മരുന്ന് കഴിക്കുമ്പോൾ എന്തൊക്കെ കഴിക്കാതിരിക്കണമെന്നും ജീവിത ക്രമം എങ്ങനെയായിരിക്കണമെന്നും ഒന്നും ഭൂരിപക്ഷം പേർക്കും അറിയില്ല. ഇതിനുളള പ്രതിവിധിയാണ് ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ മോഡേൺ ഫാർമസി.
പ്രത്യേകതകൾ
 രോഗികൾക്ക് വ്യക്തിപരമായ കൗൺസിലിംഗ്
 എല്ലാ മരുന്നുകളെയുംപ്പറ്റി അറിയുന്നതിനുളള കിയോസ്‌ക് സംവിധാനം,
 രോഗവിവരങ്ങൾ അറിയുന്നതിന് ഡോക്‌ടർമാർ നയിക്കുന്ന ടെലിവിഷൻ ക്ലാസുകൾ
 എ ടി എം കൗണ്ടർ
 മരുന്ന് വാങ്ങാൻ വരുന്നവർക്ക് ക്യൂ നിൽക്കേണ്ട. ടോക്കൺ സംവിധാനം ഏർപ്പെടുത്തും
 മുതിന്നവർക്കും ജീവനക്കാർക്കും പ്രത്യേകം കൗണ്ടറുകൾ
 ഓപ്പറേഷൻ തീയേറ്റർ, കീമോതെറാപ്പി അടക്കം അത്യാഹിത വിഭാഗത്തിലെ രോഗികൾക്ക് പ്രത്യേകം കൗണ്ടറുകൾ
 മരുന്ന് വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനം. ഇതിനായുളള ആപ്പിന്റെ ട്രയൽ റൺ തുടങ്ങി
കെട്ടിട നിർമ്മാണത്തിന്റെ ചുമതല ഹാബിറ്റാറ്റിനാണ്. 150 ദിവസമാണ് പണി പൂർത്തിയാക്കുന്നതിന് ഹാബിറ്റാറ്റ് പറഞ്ഞിരിക്കുന്ന സമയം. എന്നാൽ ഡ്രഗ് ബാങ്കിലെ തിരക്ക് കാരണം നൂറ് ദിവസത്തിനകം പണി പൂർത്തിയാക്കി തരാമെന്നാണ് സ്ഥലം സന്ദർശിച്ച ആർകിടെക്‌ട് ശങ്കർ അധികൃതർക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. ശീതീകരിച്ച ഇരുനില കെട്ടിടത്തിനും മറ്റ് ക്രമീകരണങ്ങൾക്കുമായി അഞ്ച് കോടി രൂപയാണ് പദ്ധതിച്ചെലവ്. ആരോഗ്യമന്ത്രിയുടെ ശ്രമഫലമായാണ് നൂറ് ദിവസത്തിനകം പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ കഴിയുന്നതെന്ന് ഇൻഹൗസ് ഡ്രഗ് ബാങ്ക് ചീഫ് ഫാർമസിസ്റ്റ് എ ബിജു വ്യക്തമാക്കി.