airbag

രാജ്യത്തെ സാധാരണക്കാരന് ഉപയോഗിക്കുന്ന കാറുകളിൽ പലതിനും സുരക്ഷയ്‌ക്കായി ഇതുവരെ ഒരു എയർബാഗ് പോലും ഉണ്ടായിരുന്നില്ല. മൈലേജിലും വിലയിലും ജനപ്രീതിയുള‌ളപ്പോൾ പോലും ബോഡി ക്വാളി‌റ്റിയിലും യാത്രക്കാർക്ക് നൽകുന്ന സുരക്ഷയിലും പല ജനപ്രിയ കാറുകളും പിന്നിലായിരുന്നു. അപകടത്തെ തുടർന്ന് മരണനിരക്ക് ഉയരാൻ ഇതും ഒരു കാരണമായി. ഇതിനൊരു പരിഹാരമായി നിലവിലെ കാറുകൾക്ക് മുന്നിൽ എയർബാഗ് നിർബന്ധമാക്കിയത് 2019 ജൂൺ ഒന്നുമുതലാണ്. ഡ്രൈവർ സീ‌റ്റിലായിരുന്നു എയർബാഗ് നിർബന്ധമാക്കി അന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.

ഇപ്പോഴിതാ മുന്നിലിരിക്കുന്ന യാത്രികനും എയർബാഗ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. 2021 ഏപ്രിൽ മുതലാകും ഇത് നിർബന്ധമാക്കുക. നിലവിൽ വിപണിയിലുള‌ള വാഹനങ്ങൾ ഒരു എയർബാഗോടെയാണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ എയർബാഗുകൾ ബിഐഎസ് നിലവാരത്തിലുള‌ളതാകണം എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം കരട് നിർദ്ദേശത്തിൽ പറയുന്നു. ഒരുമാസത്തിനുള‌ളിൽ ഇതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാമെന്നും നിർദ്ദേശമുണ്ട്.