
ഒാല കെട്ടി മേഞ്ഞതു മുതൽ നഗരങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകളും പാട്ടുകൾ ഒഴുകുന്നതുമായ ഹൈടെക് ബസ് സ്റ്റോപ്പുകൾ വരെനമുക്കറിയാം. എന്നാൽ, അതുക്കും അപ്പുറമുള്ള വൈവിദ്ധ്യപൂർണ്ണമായ ബസ് സ്റ്റോപ്പുകൾ കൊണ്ട് പ്രശസ്തമാണ് ഓസ്ട്രിയയിലെ ഒരു കൊച്ചുഗ്രാമം. ഈ ബസ് സ്റ്റോപ്പിലിരുന്നാൽ ബസ് വന്ന് പോയാൽ പോലും അറിഞ്ഞെന്ന് വരില്ല. അതിന്റെ സവിശേഷത തന്നെയാണ് പ്രധാന കാരണം.
ഓസ്ട്രിയയിലെ മലയോര ഗ്രാമീണ പട്ടണമായ ക്രംബാച്ചിലെ ബസ് സ്‌റ്റോപ്പുകൾ മറ്റു നാടുകളിൽ നിന്ന് വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും അസാധാരണമായ ബസ് സ്റ്റോപ്പുകളുടെ പേരിലാണ് ഈ നാട് ഇന്നറിയപ്പെടുന്നത് തന്നെ. തെക്കൻ ലോവർ ഓസ്ട്രിയയിലെ ക്രംബാച്ച് തിരക്കൊഴിയാത്ത ഒരു മാർക്കറ്റ് ടൗണാണ്. ആയിരത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുമുണ്ട്. പ്രകൃതി സൗന്ദര്യത്തിനും പരമ്പരാഗത ജീവിത ശൈലിക്കും പേരുകേട്ട ഇടമാണ് ബ്രെഗെൻസെർവാൾഡ് പർവതനിരകൾക്ക് സമീപത്തുള്ള ഈ പ്രദേശം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. അതുകൊണ്ടാണ് പട്ടണത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും കൂടുതൽ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, നഗരവാസികൾ ലോകപ്രശസ്ത ആർക്കിടെക്റ്റുകളുമായി സഹകരിച്ച് വ്യത്യസ്തവും കൗതുകകരവുമായ ബസ് സ്റ്റോപ്പുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രാദേശിക കരകൗശല വിദഗ്ദ്ധരുടെ കലാവിരുതുകൾ ഈ ബസ് സ്റ്റോപ്പിന് മോടി കൂട്ടുന്നു. മരം, ഗ്ലാസ്, ലോഹം എന്നിവ ഉപയോഗിച്ചാണ് വൈവിദ്ധ്യമായ ബസ് സ്റ്റോപ്പുകൾ നിർമ്മിച്ചിട്ടുള്ളത്.
ചിലി, റഷ്യ, ചൈന, നോർവേ, സ്‌പെയിൻ, ബെൽജിയം, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് ആർക്കിടെക്റ്റുകളാണ് ഈ അസാധാരണ ബസ് സ്‌റ്റോപ്പുകൾ നിർമ്മിച്ചത്. ഫീസിനുപകരം, ആർക്കിടെക്റ്റുകൾക്ക് ക്രംബാച്ചിൽ അവധിക്കാലം ആഘോഷിക്കാം എന്നതായിരുന്നു വാഗ്ദാനം. ഏഴ് രാജ്യത്തു നിന്നുള്ളവരായതിനാൽ തന്നെ ഏഴ് വ്യത്യസ്ത രൂപകൽപ്പനയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമ്മിച്ചത്. ബസ് സ്റ്റോപ്പുകൾ നിലവിൽ വന്നതോടെ ക്രംബാച്ചിനു ചുറ്റുമുള്ള ബ്രെഗെൻസെർവാൾഡ് പ്രദേശത്തെ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണുണ്ടായിരുക്കുന്നത്.
ബസ് യാത്രക്കാർക്കും സഞ്ചാരികൾക്കും ഈ ബസ് സ്റ്റോപ്പുകൾ ഒരു മീറ്റിംഗ് പോയിന്റായും ഉപയോഗിക്കാൻ കഴിയും. ക്രംബാച്ചിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ടവർ പോലുള്ള ബസ് സ്റ്റോപ്പിലെത്താം. മറ്റൊന്ന് ബസ് സ്റ്റോപ്പ് നിർമ്മിച്ചിരിക്കുന്നത് 120 എസ്.എൽ.ആർ കാമറ പോലെയാണ്. വിറകുശേഖരിച്ച് വയ്ക്കുന്ന കൃഷിയിടങ്ങളുടെ രീതിയിലും നിലത്തുറപ്പിച്ച മേൽക്കൂരപോലെയുള്ള ബസ് സ്‌റ്റോപ്പുകളും ഇവിടെ കാണാൻ സാധിക്കും.