
സിനിമയിൽ ചുവട് വയ്ക്കും മുമ്പേ വാർത്തകളിൽ നിറയുകയാണ് ഹൈദരാബാദ് സുന്ദരി അമ്രിൻ ഖുറേഷി. മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം ബോളിവുഡ് സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ " ബാഡ് ബോയ് " എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുടെ ഗാനചിത്രീകരണം ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ നടന്നു. കോടികൾ മുടക്കി തയ്യാറാക്കിയ സെറ്റിൽ നടന്ന ഗാനരംഗത്തിന്റെ സ്റ്റില്ലുകൾ അമ്രിൻ തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചിരുന്നു. അതീവ ഗ്ലാമറസായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമയിലെ പല പ്രഗത്ഭ സംവിധായകരും നായകന്മാരും ഇതിനോടകം തങ്ങളുടെ സിനിമയിലേക്ക് അമ്രിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
" ഞാൻ ഹാപ്പിയാണ് ... സിനിമയിൽ വലിയ സ്വീകരണമാണ് കിട്ടിയത്. ഇപ്പോൾ രണ്ടു ഹിന്ദി സിനിമകൾ പൂർത്തിയാകാനുണ്ട്. ഒപ്പം തമിഴ് തെലുങ്ക് സിനിമകളിൽ നിന്നും ക്ഷണമുണ്ട്. ഭാഷാ ഭേദമന്യേ ഇന്ത്യൻ സിനിമയിൽ, നായികമാരിൽ ദേശീയ താരമാവണമെന്നാണ് എന്റെ ആഗ്രഹം. ഗ്ലാമറിന്റെ കാര്യത്തിൽ മാത്രമല്ല അഭിനയത്തിലും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും എന്ന ആത്മ വിശ്വാസം എനിക്കുണ്ട്."
- അമ്രിൻ ഖുറേഷി.