
ലോകത്തെ മാറ്റിമറിച്ച കൊവിഡ് മഹാമാരിയുടെ വർഷമാണ് കടന്നുപോകുന്നത്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത് 2020 മാർച്ച് 14നാണ്. അന്നു മുതൽ കേരളവും ജീവന്മരണ പോരാട്ടത്തിലായിരുന്നു. മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ. എല്ലാ മേഖലകളും സ്തംഭിച്ചു. തൊഴിലുകൾ നഷ്‌ടമായി. പാവങ്ങൾ ദുരിതത്തിലായി. മറുനാടൻ തൊഴിലാളികൾ കേരളം വിട്ടു. സ്കൂളുകൾ അടച്ചു. പഠനം ഓൺലൈനിലായി. രോഗികളുടെ തിരക്കിൽ വീർപ്പുമുട്ടിയിരുന്ന ആശുപത്രികളും വിജനമായി. പുറം ലോകത്ത് പാറിപ്പറന്ന മലയാളികൾ വീടുകളിൽ അടച്ചുപൂട്ടിയിരുന്നു. ദിനചര്യകൾ മാറി. ഭക്ഷണശീലങ്ങൾ മാറി. മദ്യശാലകൾ പൂട്ടി. ശുചിത്വം മുദ്രാവാക്യമായി.സാനിറ്റൈസർ പുതിയൊരു മണം പകർന്നു. മാസ്‌ക് മുഖമുദ്രയായി.
എങ്കിലും ഇളവ് കിട്ടിയപ്പോഴൊക്കെ മലയാളി കെട്ടുപൊട്ടിച്ചു. ഇതുവരെ 3000 പേരാണ് കേരളത്തിൽ മരിച്ചത്.ഏത് മഹാമാരിയുടെയും കൂടപ്പിറപ്പുകളാണ് ക്ഷാമവും പട്ടിണിയും. സർക്കാർ സൗജന്യ റേഷനും മറ്റ് അവശ്യവസ്‌തുക്കളും മുടക്കമില്ലാതെ ലഭ്യമാക്കിയതിനാൽ അവ ഒഴിവായി. ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളും എടുത്തു പറയണം.മാസ്‌കും സാനിറ്റൈസറും പുതിയ ബിസിനസ് ഉത്പന്നങ്ങളായതുപോലെ കൊവിഡിന് നല്ല വശങ്ങളും ഉണ്ട്. മനുഷ്യൻ നിസാരനാണെന്നും അവന്റെ ആവശ്യങ്ങൾ പരിമിതമാണെന്നും വൈറസ് കാട്ടിത്തന്നു. അത് തിരിച്ചറിഞ്ഞ് സ്വയം കണ്ടെത്താനുള്ള അവസരമാക്കിയവരും കുറവല്ല. സോഷ്യൽ മീഡിയയും ഓൺലൈൻ മാദ്ധ്യമങ്ങളും സജീവമായി. തിയേറ്ററുകൾ അടച്ചപ്പോൾ സിനിമ കാണാൻ മൊബൈൽ ഫോൺ മതിയെന്നായി. സിനിമ റിലീസ് ചെയ്യാനും തിയേറ്ററുകൾ വേണ്ടെന്നായി. പകരം ഒ.ടി.ടി പ്ലാറ്റ്‌ഫോം വന്നു. എന്തിന്, പല സ്ഥലങ്ങളിലിരുന്ന് ചിത്രീകരിച്ച് സിനിമ നിർമ്മിക്കാമെന്നു വരെ തെളിഞ്ഞു.ഒൻപത് മാസം പിന്നിടുമ്പോൾ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. അടുത്തയാഴ്ച സ്‌കൂളുകൾ തുറക്കും. പുതുവർഷത്തിൽ വാക്സിനേഷൻ നടക്കും എന്നതാണ് വലിയ പ്രതീക്ഷ. അതേസമയം, ജനിതകമാറ്റം സംഭവിച്ച വൈറസ് മറ്റൊരു ഭീതിയായി തുടരുകയും ചെയ്യുന്നു.