
ന്യൂഡൽഹി : പഞ്ചാബികളുടെ ധീരതയെയും ദേശസ്‌നേഹത്തെയും കുറിച്ച് ചരിത്രത്തിന്റെ ഏടുകൾക്ക് ധാരാളം കഥകൾ പറയുവാനുണ്ട്. സ്വന്തം മണ്ണിൽ ശത്രു കാലെടുത്തു വച്ചതറിഞ്ഞ് ഉറക്കമുപേക്ഷിച്ച് സൈനികർക്കൊപ്പം പോരാടിയ പഞ്ചാബിലെ കർഷകരെ കുറിച്ചാണ് ഇവിടെ പറയുന്നത്. 1965ലെ ഇന്ത്യ പാക് യുദ്ധത്തിലാണ് വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത പദ്ധതിയുമായി ഇന്ത്യയുടെ മൂന്ന് വ്യോമത്താവളങ്ങൾ ലക്ഷ്യമാക്കി എത്തിയ പാക് കമാഡോകളെ ഗ്രാമീണർ നിലംപരിശാക്കിയത്. വിദേശ മാദ്ധ്യമങ്ങളുൾപ്പടെ ഇന്ത്യൻ ഗ്രാമീണരുടെ ഈ ധീരകൃത്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1965ൽ സെപ്തംബർ ആറാം തീയതിയാണ് പഞ്ചാബിലെ ഇന്ത്യൻ വ്യോമ താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ഇതിനായി ബി 57 ബോംബറുകളെയും മൂന്ന് സി 130 ഹെർക്കുലീസ് വിമാനങ്ങളെയും ഇന്ത്യൻ അതിർത്തി കടത്തി അയച്ചു. മൂന്ന് സി 130 ഹെർക്കുലീസ് വിമാനങ്ങളിലായി 180 പാകിസ്ഥാൻ സൈനികരായിരുന്നു ഉണ്ടായിരുന്നത്. പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇന്ത്യയുടെ മൂന്ന് എയർ ബേസുകളായ ഹൽവാര, അഡാംപൂർ, പത്താൻകോട്ട് എന്നിവ ആക്രമിക്കുവാനും വേണ്ടി വന്നാൽ നിയന്ത്രണം ഏറ്റെടുക എന്ന ദൗത്യവും പേറിയാണ് ഇരുളിന്റെ മറവിൽ 180 സൈനികർ ആകാശത്ത് നിന്നും പറന്നിറങ്ങിയത്.

പുലർച്ചെ രണ്ടു മണിയോടെ ആദ്യം അറുപതോളം സൈനികരെ പത്താൻകോട്ട് വ്യോമതാവളത്തിന് സമീപം ഹെർക്കുലീസ് വിമാനത്തിൽ നിന്നും ഇറക്കി. അമേരിക്കൻ സൈന്യത്തിൽ നിന്നും പ്രത്യേക പരിശീലനം നേടിയവരായിരുന്നു അവർ. ഓരോ സൈനികന്റെ കൈവശവും അത്യാവശ്യം കുറച്ച് ദിവസങ്ങൾ കഴിയാനുള്ള ആഹാരവും, ഇന്ത്യൻ കറൻസിയും, സ്ഥലങ്ങൾ വ്യക്തമാവുന്നതിനായുള്ള ഭൂപടവും ഉണ്ടായിരുന്നു. എന്നാൽ പത്താൻകോട്ടിന് ചുറ്റിലും ഉള്ള കനാലുകൾ, ചെളി നിറഞ്ഞ കാർഷിക ഭൂമിയും താണ്ടുവാൻ പാക് സൈനികർ നന്നേ ബുദ്ധിമുട്ടി. ഇതിനു പുറമേ ചില സൈനികർ വെള്ളക്കെട്ടുകൾ നിറഞ്ഞ ഇടങ്ങളിലാണ് വിമാനത്തിൽ നിന്നും പതിച്ചത്. ഇതോടെ ഒറ്റ മുന്നണിയായി വേഗത്തിൽ നീങ്ങുവാൻ കഴിയാതെ പാക് സൈനികർ വിവിധ ഇടങ്ങളിലായി ഒറ്റപ്പെടുകയാണ് ഉണ്ടായത്. ഈ മിഷന്റെ ബാക്കി ജോലികൾ അതിനാൽ തന്നെ ഭംഗിയായി പൊളിച്ചുകൊടുത്തത് ഇന്ത്യൻ ഗ്രാമീണരായിരുന്നു.
നായകളുടെ നിർത്താതെയുള്ള കുരയാണ് പത്താൻകോട്ടിലെ ഗ്രാമീണരുടെ ശ്രദ്ധ ശത്രുസൈനികരിൽ പതിയാൻ സഹായിച്ചത്. വളരെ വേഗത്തിൽ അവർ വിവരങ്ങൾ അധികാരികളെയും പൊലീസിനെയും അറിയിക്കുകയും, സംഘടിതരായി പാക് സൈനികരെ തേടി ഇറങ്ങുകയും ചെയ്തു. ഹൽവാരയിലും, അഡാംപൂരിലും ഇറക്കിവിട്ട പാക് കമാന്റോകളുടെയും അവസ്ഥ വിഭിന്നമായിരുന്നില്ല. കേവലം രണ്ട് ദിവസങ്ങൾ കൊണ്ട് പാക് സൈനികരെയെല്ലാം ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. മേജർ ഖാലിദ് ഭട്ടിന്റെ നേതൃത്വത്തിലെത്തിയ നിരവധി പാകിസ്ഥാൻ കമാൻഡോകളെയാണ് ഗ്രാമീണർ പിടികൂടി ഏൽപ്പിച്ചത്. ഗ്രാമീണർക്കൊപ്പം എൻ സി സി കേഡറ്റുകളും പാക് കമാൻഡോകളെ പിടികൂടാൻ മുന്നിൽ നിന്നു. ഇന്ത്യൻ മണ്ണിലിറങ്ങിയ 180 പാകിസ്ഥാൻ സൈനികരിൽ 138 പേരെ ഇന്ത്യൻ സൈന്യം ഗ്രാമീണരുടെയും എൻ സി സി കേഡറ്റുകളുടെയും സഹായത്തോടെ കസ്റ്റഡിയിലെടുത്തു.

എന്നാൽ തിരച്ചിലിനിടയിൽ 20ഓളം പാക് സൈനികരെ ഗ്രാമീണർ കൈകൾ കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പാടങ്ങളിൽ ഒളിച്ചിരുന്ന പാക്‌സൈനികരെ വിളഞ്ഞുപാകമായ വിളകൾക്ക് തീകൊടുത്താണ് ഗ്രാമീണർ പുറത്ത് ചാടിച്ചത്. അതേ സമയം പിടികൂടിയ എല്ലാ ശത്രു സൈനികരും പഞ്ചാബി കർഷകരുടെ കൈയുടെ ചൂര് ശരിക്കും അറിഞ്ഞു. ഇന്ത്യൻ പ്രതിരോധത്തിൽ ഭയന്ന ബാക്കിയുള്ള പാക് കമാൻഡോകൾ പത്ത് കിലോമീറ്ററോളം ജീവനും കൊണ്ട് ഓടി സ്വന്തം രാജ്യത്തെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.