sreedharan-pillai

ന്യൂഡൽഹി: ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ തമ്മിലുള‌ള പ്രശ്‌നങ്ങൾ വളരെ ആഴത്തിലുള‌ളതാണെന്നും അവയുടെ പരിഹാരം അകത്ത് നിന്ന് തന്നെ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ട് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള‌ള. സഭകളുമായി നല്ല ബന്ധമാണ്. സുപ്രീംകോടതി വിധിയുടെ മെറി‌റ്റിലേക്ക് കടക്കുന്നില്ല. ഇരു സഭകളും പ്രധാനമന്ത്രിയെ നിലപാടുകൾ അറിയിച്ചെന്നും ച‌ർച്ചയുടെ വിശദാംശങ്ങൾ സഭയിൽ തന്നെ ചർച്ച ചെയ്‌ത് സമന്വയത്തിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പി.എസ് ശ്രീധരൻ പിള‌ള പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഓർത്തഡോക്‌സ്- യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ട് നിലപാടുകൾ അറിയിച്ചത്. 'സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണണം എന്നാവശ്യപ്പെട്ടതുകൊണ്ടാണ് അതിന് സാഹചര്യമൊരുക്കിയത്. ഗവർണർ

എന്ന പരിധിയിൽ നിന്നുകൊണ്ടുള‌ള പരിമിതികൾ ലംഘിക്കാതെയാണ് സഹായം ഒരുക്കിയത്' ശ്രീധരൻ പിള‌ള പറഞ്ഞു. നിലവിൽ ഇരു സഭകളും വിവേചനം അനുഭവപ്പെടുന്നതായി പരാതി നൽകിയതായാണ് വിവരം. ജനുവരി രണ്ടാം വാരത്തിൽ പള‌ളിത്തർക്കവുമായി ബന്ധമില്ലാത്ത സഭാ പ്രതിനിധികളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചർച്ചകൾ നടത്തും. പി.എസ് ശ്രീധരൻ പിള‌ളയെയും കേന്ദ്രമന്ത്രി വി.മുരളീധരനെയുമാണ് സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി ഇന്ന് നിയോഗിച്ചത്.