tourism

കൊച്ചി: ലോകത്തെയാകെ മാറ്റിമറിച്ചാണ് കൊവിഡ് ഒരോദിനവും പിന്നിടുന്നത്. കൊവിഡിന് മുമ്പും ശേഷവും എന്ന നിലയിലേക്ക് മനുഷ്യ ജീവിതം മാറിക്കഴിഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഓരോ മേഖലയെയും കൊവിഡ് ഉലച്ചു. ചില വിഭാഗങ്ങൾ സമീപഭാവിയിലെങ്ങും തരണം ചെയ്യാനാവാത്തവിധം ഭീമമായ സാമ്പത്തിക നഷ്‌ടമാണ് നേരിട്ടത്.

ടൂറിസം

ഇന്ത്യൻ ജി.ഡി.പിയിൽ 10 ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. ഇത് ഏകദേശം 20 ലക്ഷം കോടി രൂപ വരും. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഏതാനും മേഖലകളിൽ ടൂറിസം തിരിച്ചുവരുന്നുണ്ട്. എങ്കിലും, നടപ്പുവർഷം ഇന്ത്യൻ ടൂറിസം രംഗം കണക്കാക്കുന്ന വരുമാന നഷ്‌ടം 15 ലക്ഷം കോടി രൂപയാണ്.45,000 കോടി രൂപയുടെ നഷ്‌ടമാണ് കേരളാ ടൂറിസം നടപ്പുവർഷം വിലയിരുത്തുന്നത്.

റിയൽ എസ്‌റ്റേറ്റ്

ഇന്ത്യയുടെ റിയൽ എസ്‌റ്റേറ്റ് മേഖല നടപ്പുവർഷം കണക്കാക്കുന്ന നഷ്‌ടം ഒരുലക്ഷം കോടി രൂപയ്ക്കുമേലാണ്. പാർപ്പിട പദ്ധതികളുടെ വില്പന 50 ശതമാനത്തോളം ഇടിഞ്ഞു. കേരളത്തിൽ നടപ്പുവർഷത്തെ ആദ്യപാദത്തിൽ മാത്രം കണക്കാക്കിയ നഷ്‌ടം 3,500 കോടി രൂപയായിരുന്നു. ഇപ്പോഴിത് 5,000 കോടി രൂപ കടന്നിട്ടുണ്ടാകും.

വാഹന വില്പന

ഇന്ത്യൻ വാഹന വിപണി കൊവിഡ് മൂലം നേടിരുന്നത് പ്രതിദിനം ശരാശരി 2,300 കോടി രൂപയുടെ നഷ്‌ടമാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്, വില്പന വൻതോതിൽ കുറഞ്ഞതിനാൽ മികച്ച കമ്പനികളും ഉത്‌പാദനം 20 ശതമാനം വരെ കുറച്ചു. മൂന്നരലക്ഷത്തോളം പേർക്ക് തൊഴിലും നഷ്‌ടമായി.

ഉപഭോക്തൃ വിപണി

കൊവിഡും ലോക്ക്ഡൗണും മൂലം നടപ്പുവർഷത്തെ ആദ്യ 100 ദിനത്തിൽ മാത്രം ഇന്ത്യൻ ഉപഭോക്തൃ വിപണി കുറിച്ചിട്ട നഷ്‌ടം 15.5 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷം ഇതുവരെയുള്ള നഷ്‌ടം കണക്കാക്കിയാൽ ഇതിന്റെ ഇരട്ടിയിലേറെ വരും. മൊത്തം 65 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ റീട്ടെയിൽ വിപണിയുടെ മൂല്യം.

വ്യോമയാനം

കൊവിഡിൽ സ്ഥിരം യാത്രാ സർവീസുകൾ നിലച്ചതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ നടപ്പുവർഷം പ്രതീക്ഷിക്കുന്ന വരുമാന നഷ്‌ടം 50,000 കോടി രൂപ. ചരക്കുനീക്കത്തിൽ 20 ശതമാനം വരെ വരുമാന നഷ്‌ടവും കണക്കാക്കുന്നു. ഒട്ടേറെപ്പേർക്ക് തൊഴിലുകൾ നഷ്‌ടമായി. പല വിമാനക്കമ്പനികളും ശമ്പളം 10-30 ശതമാനം കുറയ്ക്കുകയും ചെയ്‌തു.