narendra-modi

ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്. രാജ്യത്ത് ശ്രദ്ധ ലഭിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തുവാൻ നരേന്ദ്ര മോദിയുടെ ഈ റേഡിയോ പ്രോഗാമിലൂടെ കഴിയുന്നുണ്ട്. അമേരിക്കൻ സന്ദർശനത്തിൽ അന്നത്തെ പ്രസിഡന്റായിരുന്ന ഒബാമ രാജ്യത്തെ പൗരൻമാരെ മാദ്ധ്യമത്തിലൂടെ അഭിസംബോധന ചെയ്യുന്നത് അറിഞ്ഞ് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി മൻ കി ബാത്ത് ആരംഭിക്കുന്നത്. കൊവിഡ് കാലത്ത് മുൻകരുതൽ ഉൾപ്പടെയുള്ള നിരവധി സന്ദേശങ്ങൾ ഇതിലൂടെ അദ്ദേഹത്തിന് സമൂഹത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞിരുന്നു.

ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രക്ഷേപണം ചെയ്തത്. ഇത്തവണ കാശ്മീരി കുങ്കുമപ്പൂവ് വാങ്ങാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ലോകത്ത് ലഭിക്കുന്നതിൽ വച്ച് ഏറ്റവും ഗുണമേൻമ കൂടിയ കുങ്കുമം കാശ്മീരിൽ കൃഷി ചെയ്‌തെടുക്കുന്നതാണ്. അതിനാൽ തന്നെ ഈ വർഷം മേയ് മാസത്തിൽ ജിഐ ടാഗ് ലഭിക്കുകയും ചെയ്തു. പുൽവാമ, ബുഡ്ഗാം, കിഷ്ത്വാർ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും കാശ്മീർ കുങ്കുമം വളർത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു, പ്രത്യേകമായ വാസനയുള്ളതാണ് കാശ്മീരി കുങ്കുമം അതുപോലെ നല്ല നിറമുള്ള ഇതിന്റെ നാരുകൾ നീളമുള്ളതും കട്ടിയുള്ളതുമാണ്. അതിനാൽ തന്നെ കാശ്മീരി കുങ്കുമത്തിന് ഔഷധ മൂല്യവും ഏറുമെന്ന് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് കാശ്മീരി കുങ്കുമം വാങ്ങുവാൻ രാജ്യത്തെ ആളുകളോട് പ്രധാനമന്ത്രി നേരിട്ട് ആഹ്വാനം ചെയ്തതെന്ന് നോക്കാം. അതിന് ആരോഗ്യത്തിന് എങ്ങനെയാണ് ഈ വിശിഷ്ട ഉത്പന്നം ഗുണം ചെയ്യുന്നതെന്ന് കാണാം.


ആന്റിഓക്സിഡന്റുകളിൽ സമ്പന്നമാണ് കുങ്കുമം. ആന്റിഓക്സിഡന്റുകളായ ക്രോസിൻ, ക്രോസെറ്റിൻ എന്നിവയാണ് കുങ്കുമത്തിന് ചുവന്ന നിറം നൽകുന്നത്. മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുന്നതിനാൽ തന്നെ അൾഷിമേഴ്സ് ഉൾപ്പടെയുള്ള രോഗങ്ങളിൽ നിന്നും അകറ്റിനിർത്താൻ കുങ്കുമം കഴിക്കുന്നതിലൂടെ കഴിയും. ഓർമ്മ ശക്തി വർദ്ധിപ്പിക്കുവാനും ഉത്തമമാണ്. വിഷാദ രോഗങ്ങളിൽ നിന്നും അകറ്റാനും കുങ്കുമത്തിന് ആകുമെന്ന് പഠനഫലമുണ്ട്. ഇതോടൊപ്പം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം, ആമാശയ വൈകല്യങ്ങൾ തുടങ്ങിയവയ്ക്കും കുങ്കുമം ഫലപ്രദമാണ്. ബിരിയാണി ഉൾപ്പടെയുള്ള ആഹാരങ്ങളിൽ കുങ്കുമം ചേർക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സാധാരണയായ ചർമ്മ കാന്തി കൂട്ടുന്നതിനായിട്ടാണ് കുങ്കുമം സ്ത്രീകൾ ഉപയോഗിക്കുന്നത്. ട്രോപ്പിക്കൽ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ കുങ്കുമത്തിന്റെ സജീവ സംയുക്തങ്ങളായ ക്രോസിൻ മെലാനിൻ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെലാനിൻ ഉൽപാദനത്തിന് ആവശ്യമായ എൻസൈമായ ടൈറോസിനാസിനെ അടിച്ചമർത്തുന്നതിലൂടെയാണിത് സാദ്ധ്യമാക്കുന്നത്.