
തിരുവനന്തപുരം : ഭരണരംഗത്തേക്ക് കടന്നുവരുന്നവർക്ക് പ്രായമെന്നത് പക്വതയെ തീരുമാനിക്കുന്ന ഘടകമായി കണക്കാക്കുന്നില്ലെന്നും പ്രായക്കുറവിന്റെ പേരിൽ വിമർശിക്കുന്നവർക്ക് വാക്കുകൊണ്ടല്ല വികസനപ്രവർത്തനങ്ങളിലൂടെ മറുപടി നൽകുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കേസരി ഹാളിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആര്യ.
മേയറാകുന്നതിന് പ്രായം നിശ്ചയിച്ചിട്ടില്ല. എന്നെ അറിയാത്തവരാണ് വിമർശനങ്ങൾക്ക് പിന്നിൽ.നേതൃഗുണമുള്ളവർക്ക് മാത്രമാണ് നല്ല ഭരണാധികാരിയാകാൻ കഴിയൂ. ബാലസംഘത്തിലൂടെയും എസ്.എഫ്.ഐയിലൂടെയും കഴിഞ്ഞ കാലങ്ങളിൽ ആർജ്ജിച്ചെടുത്ത നേതൃഗുണമാണ് എന്റെ കരുത്ത്. ഇരുപത്തിയൊന്നുകാരി മേയറായതിനെ വിമർശിക്കുന്നവർ ചെറുപ്പത്തിലെ മേയറാകാൻ കഴിയാത്തവരാകുമെന്നും ഇതിനെ തമാശയായി കാണാനാണ് ആഗ്രഹമെന്നും ആര്യ പറഞ്ഞു.
രാഷ്ട്രീയപ്രവർത്തനം ജോലിയായല്ല, കടമയായാണ് കരുതുന്നത്. 'അടിച്ചുപൊളക്കേണ്ട സമയത്ത് രാഷ്ട്രീയ പ്രവർത്തനം വേണോ' എന്നൊക്കെ പലരും ചോദിച്ചു. എനിക്ക് അതാണ് താത്പര്യം. സ്ഥാനമാനങ്ങൾക്കപ്പുറം ജനങ്ങളെ ചേർത്ത് പിടിക്കുന്ന, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നല്ല രാഷ്ട്രീയ പ്രവർത്തകയാവുക എന്നതാണ് സ്വപ്നം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണോ മേയറെന്ന നിയോഗമെന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യമായാണ് കേൾക്കുന്നതെന്നും ഇങ്ങനെയുള്ള കഥകൾക്ക് പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കുകയില്ലെന്നും ആര്യ വ്യക്തമാക്കി.
ഭരണരംഗത്ത് യുവാക്കൾക്കൊപ്പം മുതിർന്നവരും വേണം. യുവാക്കളെ ഉയർത്തിക്കാട്ടിയത് കൊണ്ടുമാത്രം നിയമസഭാതിരെഞ്ഞടുപ്പിൽ മുന്നേറ്റമുണ്ടാകില്ല. ഭരണരംഗത്തുള്ളത് യുവാക്കളായാലും മുതിർന്നവരായാലും നല്ല ഭരണം വിലയിരുത്തിയാണ് ജനം വോട്ടുചെയ്യുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉടനീളം ഇടത് മുന്നണിയ്ക്ക് നേട്ടമുണ്ടായത് ഭരണമികവിന്റെ അടിസ്ഥാനത്തിലാണെന്നും മേയർ ചൂണ്ടിക്കാട്ടി.
പരാതിയുണ്ടെങ്കിൽ അന്വേഷിക്കും
കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നടന്ന പ്രവർത്തങ്ങളിൽ ആഴിമതിയുണ്ടെന്ന് പൊതുജനങ്ങളുടെ പരാതി ഉയർന്നാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ എതിരാളികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പരാതികളായി കണക്കാക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. കേസരി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആര്യ. അഴിമതി മുക്തമായ ഭരണമാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ 100 വാർഡുകളിലും രാഷ്ട്രീയം നോക്കാതെ വികസനം എത്തിക്കാൻ ശ്രമിക്കും.
ആദ്യപ്രവർത്തനം സ്ക്കൂളുകളിൽ
കൊവിഡ് വ്യാപനം കാരണം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്ക്കൂളുകൾ അടുത്തമാസം തുറക്കുന്നസാഹചര്യത്തിൽ നഗരസഭാ പരിധിയിലെ എല്ലാ സ്‌കൂളുകളിലെയും വാട്ടർടാങ്കുകൾ കോർപറേഷന്റെ നേതൃത്വത്തിൽ ശുചീകരിക്കും സ്‌കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾ പൂർണസുരക്ഷിതരായിരിക്കണം. ഒരു വിദ്യാർത്ഥിനി എന്ന നിലയിയിലാണ് ഇത്തരമൊരു കാഴ്ചപ്പാട്.
 മാലിന്യപ്രശ്‌നത്തിൽ സാങ്കതിക വിദ്യ
മാലിന്യമുക്തമായ നഗരമാക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്താൽ പദ്ധതികൾ ആവിഷ്കരിക്കും. മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവത്കരണത്തിെന്റ ആവശ്യമുണ്ട്. വിദ്യാസമ്പന്നർക്ക് പോലും ഇക്കാര്യത്തിൽ വലിയ ധാരണയില്ല. വാർഡുകളിലെ പ്രാദേശിക സാഹചര്യം മനസിലാക്കി ഇടപെടും. എല്ലാ വാർഡുകളിെലയും സാഹചര്യങ്ങൾ ഒരുപോലെയാകണമെന്നില്ല.