
ഷാങ്‌ഹായ്: ചൈനീസ് ഗെയിം ഡെവലപ്മെന്റ് കമ്പനിയായ യൂസു ഗെയിംസ് സി.ഇ.ഒ ലിൻ ക്വി(39)ന്റെ മരണം കൊലപാതകമെന്ന് പൊലിസ്. സംഭവത്തിൽ ലിൻ ക്വിവിന്റെ സഹപ്രവർത്തകനെ അറസ്റ്റ് ചെയ്തതായും ഷാങ്ഹായ് പൊലീസ് അറിയിച്ചു. കമ്പനിയുടെ ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവായ സു യാവോയാണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് വിഷം ഉള്ളിൽ ചെന്ന നിലയിലാണ് ലിൻ ക്വിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25ന് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. ചായയിൽ വിഷംകലർത്തി ക്വിയെ കൊന്നതാണെന്ന് അന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2009ൽ ഗെയിം ഒഫ് ത്രോൺസ് വിന്റർ ഈസ് കമിങ് എന്ന ഗെയിമിലൂടെ ആണ് യൂസു ആരംഭിക്കുന്നത്. ലീഗ് ഒഫ് എയ്ഞ്ചൽസ്, ലുഡോ ഓൾസ്റ്റാർ, ഡാർക്ക് ഓർബിറ്റ് എന്നീ ഗെയിമുകളും യൂസുവിന്റെതാണ്. ഹുറുൻ ചൈന റിച്ച് ലിസ്റ്റ് പ്രകാരം 1.3 ശതകോടി ഡോളർ (ഏകദേശം 95,42,19,50,000 ഇന്ത്യൻ രൂപ) ആണ് ലിനിന്റെ ആസ്തി.