
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടികൾക്കിടെ പൊളളലേറ്റ ദമ്പതികൾ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ദമ്പതികളുടെ മക്കൾക്ക് ജോലി ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. മരണമടഞ്ഞ അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലൻസ് തടഞ്ഞാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയും സംഘവും സ്ഥലത്തെത്തി നാട്ടുകാരുമായി രമ്യതയ്‌ക്ക് ശ്രമിക്കുകയാണ്. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചെന്ന് എഴുതി തന്നാൽ മാത്രമേ പിന്മാറൂ എന്നാണ് നാട്ടുകാരുടെ നിലപാട്.
അച്ഛൻ രാജന്റെ മൃതദേഹം അടക്കം ചെയ്‌തയിടത്ത് തന്നെ തങ്ങൾക്ക് വീട് നിർമ്മിച്ച് നൽകണമെന്നാണ് മക്കളുടെ ആവശ്യം. എന്നാൽ സ്ഥലം വിട്ട് നൽകില്ലെന്നും നിയമത്തിന്റെ വഴിയേ തന്നെ പോകുമെന്നും ഇവർക്കെതിരെ പരാതി നൽകിയ അയൽവാസി വസന്ത അഭിപ്രായപ്പെട്ടു. തുടർന്ന് ഇവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീടിനുമുന്നിൽ പ്രതിഷേധിച്ചതോടെ സംഘർഷം ഒഴിവാക്കാൻ പൊലീസെത്തി വസന്തയെ കസ്‌റ്റഡിയിലെടുത്തു.
നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിൽ പോങ്ങിൽ ലക്ഷംവീട് കോളനിയിൽ രാജനെതിരെ അയൽവാസി വസന്ത തന്റെ സ്ഥലം കൈയേറിയെന്ന് കാട്ടി നെയ്യാറ്രിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ കേസ് നൽകി. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലെ ഉത്തരവിൽ രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാജൻ ഞായറാഴ്‌ച രാത്രിയും അമ്പിളി തിങ്കളാഴ്‌ചയും മരണമടഞ്ഞു.