
തിരുവനന്തപുരം: കൈകളിലും കാലിലും സ്ഥാനമുറപ്പിച്ച ആ മൂന്ന് കോലുകൾ മാറിമാറി താളമിടുമ്പോൾ ഈ എട്ടാം ക്ലാസുകാരന്റെ ചുറ്റുമുള്ള ചെണ്ടകൾ മേളപ്പെരുമഴ പെയ്യിക്കും. വെമ്പായം പന്തലക്കോട് വാഴോട്ടുപൊയ്ക വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഓമനക്കുട്ടന്റെയും ഷൈലയുടെയും മകൻ എസ്. ശ്രീരാഗ് അങ്ങനെ റെക്കാഡിലേക്ക് കൊട്ടിക്കയറുകയാണ്.
വലതുകൈയിലെ കോൽ ആ ഭാഗത്തെ ചെണ്ടയിൽ പതിയുമ്പോൾ, ഇടത്തേക്കോൽ ഇടതു ചെണ്ടയിൽ താളമിടും. വലതുപാദത്തിൽ ചേർത്ത കോൽ മുന്നിലെ ചെണ്ടയിൽ ശ്രുതി ചേർക്കുമ്പോൾ ഇടതുകാൽ ഇലത്താളമിടും. അങ്ങനെ പോകുന്ന ഈ എട്ടാം ക്ലാസുകാരന്റെ മേള വിശേഷങ്ങൾ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സും പിന്നിട്ട് ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിലുമെത്തി.
തുടർച്ചയായി രണ്ട് മണിക്കൂർ മേളപ്പെരുക്കം തീർത്ത് ഗിന്നസ് ബുക്കിലെത്തുകയാണ് അടുത്ത ലക്ഷ്യം. അമ്പലങ്ങളിൽ ചെണ്ടമേളത്തിന് പോകുമായിരുന്ന അച്ഛൻ ഓമനക്കുട്ടൻ ഒരിക്കൽ പുറത്തു നിൽക്കെ, വീട്ടിൽ നല്ല താളത്തിൽ മേളപ്പെരുക്കം കേട്ടു. ഓടിയെത്തിയപ്പോൾ അഞ്ചുവയസുകാരൻ ശ്രീരാഗ് ചെണ്ടയിൽ മേളക്കാഴ്ച ഒരുക്കുകയായിരുന്നു. മകനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ഓമനക്കുട്ടൻ അവനെ പൗഡിക്കോണം സുരേന്ദ്രൻ ആശാന്റെ അടുത്തെത്തിച്ചു. ഇപ്പോൾ വേണുആശാന്റെ ശിഷ്യനാണ്.
ഏഴാം വയസിൽ സമീപത്തെ ഭദ്രകാളി ദേവീക്ഷേത്രത്തിൽ അരങ്ങേറി. ഡ്രംസ്, കീ ബോർഡ്, പുല്ലാങ്കുഴൽ എന്നിവയും പഠിച്ചു. റെക്കോഡ് നേടണമെന്ന ശ്രീരാഗിന്റെ സ്വപ്നത്തിന് ആവേശമേകിയത് വട്ടപ്പാറ ലൂർദ്ദ് മൗണ്ട് സ്കൂളിലെ അദ്ധ്യാപിക കവിതാറാണിയായിരുന്നു. 'കുഫോസി"ലെ വിദ്യാർത്ഥിയായ ജ്യേഷ്ഠൻ സിദ്ധാർത്ഥിന്റെ പിന്തുണ കൂടിയായതോടെ ശ്രീരാഗിന്റെ ധൈര്യം ഇരട്ടിച്ചു.
ഇനി വേണം സ്‌പോൺസർ
40 മിനിട്ടിലെ മേളം രണ്ട് മണിക്കൂറിലേക്ക് കൊണ്ടുപോയാൽ ഗിന്നസ് റെക്കാഡ് നേടാം. പത്തു മണിക്കൂറിൽ ചെണ്ടമേളം തീർത്താൽ മറ്റൊരു റെക്കാഡും. പക്ഷേ ഇതിനൊക്കെ പണച്ചെലവുണ്ട്. വിധികർത്താക്കളെ എത്തിക്കണം. ആരെങ്കിലും സഹായിക്കാതെ ഇത് നടക്കില്ല. അതിനായി നല്ലൊരു സ്പോൺസറെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ശ്രീരാഗ് പരിശീലനം തുടരുന്നു.
'ഒരുപാട് കഴിവുള്ള വിദ്യാർത്ഥിയാണ് ശ്രീരാഗ്. മേളത്തിൽ മാത്രമല്ല അഭിനയത്തിലും പഠനത്തിലും മിടുക്കനാണ്. എന്തും പെട്ടെന്ന് പഠിച്ചെടുക്കും"
- വി.യു. കവിതാറാണി, അദ്ധ്യാപിക, ലൂർദ്ദ് മൗണ്ട് സ്കൂൾ