
കൊച്ചി: ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആലുവ കിഴക്കേ ദേശത്തുള്ള 'പെന്റൂണിയ' എന്ന തന്റെ ഫ്‌ളാറ്റിൽ വച്ച് നടി മീനു മുനീറിനെതിരെ(45) ആക്രമണമുണ്ടായി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. തന്നെ ഗുണ്ടകൾ ആക്രമിച്ചുവെന്നും താൻ ക്രൂരമായി മർദ്ദിക്കപ്പെട്ടുവെന്നും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ആക്രമണം കണ്ടുനിൽക്കുകയായിരുന്നു എന്നുമാണ് നടി പറഞ്ഞിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരു പുരുഷൻ തന്നെ അടിച്ച് താഴെയിടുന്ന ദൃശ്യങ്ങളും നടി പുറത്തുവിട്ടിരുന്നു. എന്നാൽ സംഭവത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പിന്നീടാണ് പുറത്തുവന്നത്. നടി തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിക്കൾക്കുമേൽ ഉൾപ്പെടെ അവർ അസഭ്യവർഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് വീട്ടമ്മയും ഫ്ലാറ്റിന്റെ പ്രോജക്ട് കോർഡിനേറ്ററും പത്തനംതിട്ട അടൂർ സ്വദേശിനിയുമായ സുമിത മാത്യു രംഗത്തുവന്നതോടെയായിരുന്നു ഇത്.
ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി മീനു തന്നെ തടയുകയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് സുമിത മാത്യു പറഞ്ഞിരുന്നു. സംഭവത്തിന്റെ ഒരു വീഡിയോയും ഇവർ പങ്കുവച്ചിരുന്നു. വീഡിയോയിൽ മീനുസുമിതയെ മർദ്ദിക്കുന്നതും തള്ളി താഴെയിടുന്നതുമാണ് കാണുന്നത്. നടി തന്നെ ഭിത്തിയിൽ ചേർത്തുനിർത്തി മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തുവെന്നും സുമിത തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു.
തന്നെ നിലത്തേക്ക് തള്ളിയിടുന്നത് കണ്ടപ്പോഴാണ് തന്റെ മകൻ സംഭവത്തിൽ ഇടപെട്ടതെന്നും സുമിത പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരുവീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സുമിതയുടെ തടഞ്ഞുകൊണ്ട് മീനു മുനീർ ഫ്ളാറ്റിലെ ഗേറ്റ് പൂട്ടുന്നതും വീട്ടമ്മയെപരിഹസിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയയിൽ ഓഫിസ് മുറി നിർമിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് വലിയ തർക്കത്തിലും സംഘട്ടനത്തിലും കലാശിച്ചത്. ഓഫീസ് മുറി നിർമിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേർന്ന് മർദ്ദിച്ചെന്നായിരുന്നു മിനുവിന്റെ പരാതി. ഇത് കൂടാതെ, ഇരുകൂട്ടരും പരസ്പരം അങ്ങേയറ്റം മോശമായ മറ്റ് ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.
സംഭവത്തിൽ സിനിമ നടിക്കും വീട്ടമ്മയ്ക്കുമെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫീസിലേക്ക് കയറിയതിനാൽ തർക്കം നടക്കുന്ന സമയത്ത് പൊലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാൽ ഇവരെ പിടിച്ചുമാറ്റാൻ കഴിഞ്ഞിരുന്നില്ല. രണ്ടുകൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തനിക്ക് സിനിമാ ചിത്രീകരണം നടത്തുന്നതിനായി നടി ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാത്തതിലുള്ള വിരോധം മൂലമാണ് നടി തങ്ങൾക്കെതിരെ ഇത്തരത്തിൽ പെരുമാറുമതെന്നാണ് ഫ്ലാറ്റിന്റെ ബിൽഡറുടെ സ്റ്റാഫ് കൂടിയായ വീട്ടമ്മ പറയുന്നത്. 'ഡാ തടിയാ', 'കലണ്ടർ', 'ദേ ഇങ്ങോട്ട് നോക്കിയേ' തുടങ്ങിയ ചിത്രങ്ങളിൽ മീനു മുനീർ അഭിനയിച്ചിരുന്നു.