arrest

കൊച്ചി: ഫ്ളാ‌റ്റിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാ‌റ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ പൊലിസ് അറസ്‌റ്റ് ചെയ്തു. ഇദ്ദേഹത്തിന് നേരത്തെ തന്നെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് പൊലീസിൽ ഹാജരായപ്പോഴാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവച്ചു എന്ന കു‌റ്രം ചുമത്തിയാണ് അറസ്‌റ്റ്. ഡിസംബർ നാലിന് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാ‌റ്റിൽ നിന്നും വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി തമിഴ്‌നാട് സേലം സ്വദേശിനി കുമാരിയാണ് ഡിസംബർ 13ന് മരണമടഞ്ഞത്.

ഈ അപകടമുണ്ടാകാൻ കാരണം ഫ്ളാ‌റ്റുടമയായ അഭിഭാഷകൻ ഇംത്യാസ് അഹമ്മദ് ആണെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ പരാതിപ്പെട്ടിരുന്നു. ഫ്ളാ‌റ്റുടമയിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കായി കുമാരി പതിനായിരം രൂപ അഡ്വാൻസ് പണം വാങ്ങിയിരുന്നെന്നും നാട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോൾ ഈ പണം ആവശ്യപ്പെട്ട് പൂട്ടിയിട്ടെന്നും ഭർത്താവ് പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസ് എടുത്ത കേസിൽ ഫ്ളാ‌റ്റുടമയ്‌ക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിരുന്നുള‌ളൂ. ശ്രീനിവാസന്റെ പരാതിയിൽ ഫ്ളാ‌റ്റുടമയുടെ പേര് നൽകാത്തതാണ് ഇതിനു കാരണമെന്ന് പൊലീസ് മുൻപ് അറിയിച്ചിരുന്നു.