
മുംബയ്: മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യസർക്കാരിൽ ഭിന്നത രൂക്ഷമാകുന്നു. ശിവസേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട് പറഞ്ഞു.
ശിവസേനയ്‌ക്കെതിരെ ആദ്യം കരുതലോടെ പ്രതികരിച്ച മുതിർന്ന നേതാക്കളും ഇപ്പോൾ സ്വരം കടുപ്പിച്ചിരിക്കുകയാണ്. സോണിയാഗാന്ധിക്ക് പകരം ശരദ് പവാറിനെ യു.പി.എ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാനാകില്ലെന്നും മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മുംബയിൽ പാർട്ടി സ്ഥാപക ദിനത്തിൽ നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ശിവസേനയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു. രാഹുലിന് സ്ഥിരതയില്ലെന്ന് ശരദ്പവാർ നടത്തിയ പ്രസ്‌താവനയും കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ആ പ്രസ്‌താവന ഉപദേശമായി കണ്ടാൽ മതിയെന്നായിരുന്നു പവാറിന്റെ വിശദീകരണം.