
പത്തനംതിട്ട: പ്രണയിച്ചതിന് പെൺകുട്ടിയുടെ അമ്മാവനും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂർ പടിഞ്ഞാറ്റേതിൽ കുഞ്ഞുമോളുടെ മകൻ അനീഷിനാണ് (21) മർദ്ദനമേറ്റത്. സംഭവത്തിൽ പന്തളം സ്വദേശിയായ അജയനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടതായി പൊലീസ് പറഞ്ഞു. നവംബർ 25ന് പറന്തലിലാണ് സംഭവം.
അജയന്റെ പെങ്ങളുടെ മകളുമായി അനീഷ് പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത അജയൻ വൈകിട്ട് ആറോടെ അനീഷും കൂട്ടുകാരും ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിറുത്തി മർദ്ദിച്ചെന്ന് അമ്മ കുഞ്ഞുമോൾ പറഞ്ഞു. സുഹൃത്തുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മർദ്ദിച്ചശേഷം അനീഷിനെ വാഹനത്തിൽ കയറ്റി അടൂർ മിത്രപുരത്ത് ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ആയുധങ്ങളും കല്ലുംകൊണ്ട് ക്രൂരമായി മർദ്ദിച്ചു. നാട്ടുകാർ കണ്ടതോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ അനീഷിനെ ഉപേക്ഷിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന അനീഷിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തലയ്ക്കും പിടലിക്കും ഗുരുതരമായി പരിക്കേറ്റ് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട അനീഷ് അബോധാവസ്ഥയിലായിരുന്നു. എന്നാൽ മൊഴിയെടുക്കാൻ എത്തിയപ്പോൾ അനീഷിന് ഒാർമ്മക്കുറവുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 പൊലീസിന് അനാസ്ഥയെന്ന്
സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഇന്റർ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് മേലൂട് ഗോപാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും തുടരന്വേഷണത്തിന് അനീഷിനെയോ അമ്മയെയോ പൊലീസ് സമീപിച്ചിട്ടില്ല. ബൈക്കിൽ നിന്ന് വീണതാണെന്ന് എഫ്.ഐ.ആറിൽ എഴുതിച്ചേർത്തതായും പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.