
കളിക്കളത്തിലെ അക്രമണോത്സുകയും വാശിയും ആക്രോശങ്ങളും മാത്രമല്ല ക്യാപ്ടൻസി.ഏത് പ്രതിസന്ധി ഘട്ടത്തിലും സൗമ്യത നഷ്ടപ്പെടുത്താതെ പക്വതയോടെ തീരുമാനങ്ങൾ എടുക്കുവാനും നായകന് കഴിയേണ്ടതുണ്ട്. കൊഹ്‌ലി മടങ്ങുമ്പോൾ ഇന്ത്യൻ ടീമിന്റെ അഗ്രസീവ് ശൈലി നഷ്ടമാകുമോ എന്നതായിരുന്നു ആരാധകരുടെ പേടി. എന്നാൽ സ്വതസിദ്ധമായ തന്റെ ശൈലിയിലൂടെ വിജയം നേടി ബഹളങ്ങൾ കൂടാതെയും വിജയിക്കാം എന്ന് അജിങ്ക്യ രഹാനെ തെളിയിക്കുകയായിരുന്നു.
ബാറ്റിംഗിലും സ്വഭാവത്തിലും ഏറെക്കുറെ ദ്രാവിഡിന്റെ പിൻഗാമിയാണ് അജിങ്ക്യ. അധികം ബഹളങ്ങളില്ല, അമിതാവേശവും. എന്നാൽ കളിയോടുള്ള ആത്മർത്ഥതയിൽ ഒട്ടും പിന്നോട്ടുമില്ല. തന്റെ കളിക്കാരുടെ ശക്തിയും ദൗർബല്യവും നന്നായി അറിയാം. അവരെ എപ്പോൾ , എവിടെ ഉപയോഗിക്കണമെന്നുമറിയാം.
മെൽബണിലെ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയയെ എറിഞ്ഞൊതുക്കുന്നതിൽ ക്യാപ്ടനെന്ന നിലയിലെ രഹാനെയുടെ തീരുമാനങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. ബൗളിംഗ് ചേഞ്ചുകൾ വരുത്തുന്നതിലായിരുന്നു പ്രധാനമായും ശ്രദ്ധകാട്ടിയത്. പഴയ പന്തുകളിൽ മികവ് കാട്ടുന്ന സിറാജിനെ ആദ്യ സെഷൻ കഴിഞ്ഞ ശേഷമാണ് പന്തേൽപ്പിച്ചത്. അരങ്ങേറ്റക്കാരനായ സിറാജിന് തനിക്ക് അനുയോജ്യമായ അന്തരീക്ഷം ക്യാപ്ടൻ ഒരുക്കി നൽകിയത് പകർന്ന ആത്മവിശ്വാസം ചെറുതല്ല. ഫീൽഡ് സെറ്റിംഗിൽ വ്യതസ്ത പരീക്ഷണങ്ങൾ നടപ്പിലാക്കി. തങ്ങൾ പ്രതീക്ഷിക്കാത്ത പൊസിഷനുകളിൽ ഫീൽഡർമാർ നിരന്നപ്പോൾ അതൊരു കെണിയായിരുന്നുവെന്ന് തിരിച്ചറിയാൻ ഏറ്റവും പരിചയ സമ്പന്നനായ സ്മിത്ത് പോലും വൈകി.
ബാറ്റിംഗിനിറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവർക്കെല്ലാം ആത്മവിശ്വാസം പകരുന്നതായിരുന്നു അജിങ്ക്യയുടെ സാന്നിദ്ധ്യം. റൺഔട്ടായി മടങ്ങേണ്ടിവന്നപ്പോഴും ദേഷ്യപ്പെട്ടില്ല. ജഡേജയെ അർദ്ധസെഞ്ച്വറി നേടാൻ പ്രോത്സാഹിപ്പിച്ച ശേഷമാണ് മടങ്ങിയത്.
മൂന്നാമത്തെ മാത്രം മത്സരത്തിലാണ് രഹാനെ ഇന്ത്യയെ നയിച്ചത്. ഇതിൽ മൂന്നിലും ജയം നേടിക്കൊടുത്തു. 2017ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ ആസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു ആദ്യം. 2018ൽ അഫ്ഗാനിസ്ഥാനെതിരെയും ജയം നേടിക്കൊടുത്തു.
കളിക്കളത്തിൽ ശാന്തനാണെങ്കിലും സമർത്ഥനായ ക്യാപ്ടനാണ് രഹാനെ. കളി കൃത്യമായി വിലയിരുത്താനും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും രഹാനെ ബഹുമിടുക്കനാണ്. പുതിയ കളിക്കാരെ പ്രചോദിപ്പിച്ചത് അജിങ്ക്യയുടെ പക്വതയാർന്ന സമീപനമാണ്.
- രവി ശാസ്ത്രി, ഇന്ത്യൻ കോച്ച്
വിരാടും ഷമിയും രോഹിതും ഇശാന്തുമില്ലാതെ ഒരു ടെസ്റ്റ് വിജയം അവിസ്മരണീയം. അഭിനന്ദനങ്ങൾ അജിങ്ക്യ...
- സച്ചിൻ
ടീമിന്റെ വിസ്മയകരമായ കൂട്ടായ്മയുടെ വിജയം. ഇതിന് നേതൃത്വം നൽകിയ അജിങ്ക്യയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. ഇവിടെ നിന്ന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
- വിരാട് കൊഹ്‌ലി
ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. പ്രതികൂലസാഹചരളങ്ങളിൽ വിജയിക്കുക നിസാരകാര്യമല്ല. ശുഭ്മാൻ ഗിൽ ഭാവിയുടെ താരമാണ്
- മൈക്കേൽ വോഗൻ