
ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. 27 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതിൽ 12 കേസുകൾ വിദേശത്ത് നിന്നും വന്നവരാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. വടക്ക് കിഴക്കൻ പ്രവിശ്യയായ ലിയോണിംഗിൽ നിന്നും തലസ്ഥാനമായ ബീജിംഗിൽ നിന്നുമാണ് പ്രാദേശികമായി രോഗം പടർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിൽ പ്രതിദിന രോഗികൾ 87500 കടന്നു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ജപ്പാനിലും സ്ഥിരികരിച്ചതായി ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 19ന് ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന്റെ വകഭേദത്തെ ചെറുക്കാൻ ലോകം പരിശ്രമിക്കുമ്പോഴും പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ 6 കേസുകളാണ് ജപ്പാനിൽ സ്ഥിരീകരിച്ചത്. ഇതോടെ ജപ്പാനിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു. വകഭേദം വന്ന വൈറസിനെ തടയാൻ മിക്ക രാജ്യങ്ങളും അതിർത്തികൾ അടച്ചിട്ട് മുൻകരുതൽ സ്വീകരിക്കുമ്പോഴും പല രാജ്യങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ ഇന്ത്യയും ഉൾപ്പടും. അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം ആശങ്ക ഉയർത്തുമ്പോൾ വാക്സിൻ നിർമ്മാതാക്കൾ ഈ വൈറസിനെയും നിയന്ത്രിക്കാനുള്ള ശേഷി തങ്ങളുടെ വാക്സിനുണ്ടെന്നാണ് അവകാശപ്പെടുന്നത്.
അതേ സമയം, അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസിൽ ഒന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം കടന്നു. 3,43,072 പേർ മരിച്ചു.1.16 കോടി പേർ സുഖം പ്രാപിച്ചു. നിലവിൽ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 8..20 കോടി കടന്നു. 17.86 ലക്ഷം മരണവും 5.81 കോടി പേർ രോഗ മുക്തരാകുകയും ചെയ്തു.
അർജന്റീനയിൽ സ്പുട്നിക് വാക്സിൻ വിതരണം ആരംഭിച്ചു
ബ്യൂണസ് അയേഴ്സ്: റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിൻ അർജന്റീനയിൽ വിതരണം ആരംഭിച്ചതായി പ്രദേശിക മാദ്ധ്യമങ്ങൾ അറിയിച്ചു.60 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാമെന്ന് ആരോഗ്യമന്ത്രാലയം അറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വാക്സിൻ നൽകിത്തുടങ്ങിയത്.വാക്സിന് അനുമതി നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ 3 ലക്ഷത്തോളം ഡോസുകളാണ് രാജ്യത്തേക്ക് കയറ്റുമതി ചെയ്തത്. എന്നാൽ ഇത് ആദ്യ ഡോസിന് മാത്രമേ തികയു എന്നും റിപ്പോർട്ടുകളുണ്ട്..