
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയാണെന്ന് സർവകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അബ്ദുൾ ലത്തീഫിനെ അറബിക് പ്രൊഫസറായി നിയമിക്കാൻ ഇന്നലെ ചേർന്ന സെലക്‌ഷൻ കമ്മിറ്റി തീരുമാനിച്ചു. അന്വേഷണ സമിതിയുടെ കണ്ടെത്തലിനെത്തുടർന്ന് പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും ശിക്ഷാനടപടിയുടെ ഭാഗമായി കോളേജിൽനിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ചത് അബ്ദുൾ ലത്തീഫായിരുന്നു.
രാഷ്ട്രപതിയിൽ നിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരെയടക്കം തഴഞ്ഞാണ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാൻ തീരുമാനിച്ചത്. സെലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശ ഇന്നു ചേരുന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കും. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എല്ലാ സർവകലാശാലകളിലെയും ഒഴിവുള്ള അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്താനുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമായാണ് തിരക്കിട്ടുള്ള നിയമനമെന്ന് ആരോപണമുണ്ട്. എസ്.എഫ്.ഐ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകുന്നതിനും പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നതിനും സഹായിച്ചതിന് സർവകലാശാലയുടെയും സർക്കാരിന്റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അദ്ധ്യാപകനെ സർവകലാശാലയുടെ തന്നെ പഠനവകുപ്പിൽ പ്രൊഫസറായി നിയമിക്കരുതെന്നും നടപടി പുനഃപരിശോധിക്കാൻ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.