air-bag

ന്യൂഡൽഹി: കാറുകളിൽ ഡ്രൈവർക്ക് പുറമേ മുൻസീറ്റ് യാത്രക്കാർക്കും (കോ-ഡ്രൈവർ) എയർ ബാഗ് നിർബന്ധമാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ശുപാർശ. 2021 ഏപ്രിൽ ഒന്നുമുതൽ വിൽക്കുന്ന പുതിയ വാഹനങ്ങൾക്ക് ഇതു നിർബന്ധമാണ്. നിലവിൽ നിരത്തിലും ഷോറൂമുകളിലുമുള്ള വാഹനങ്ങൾ 2021 ജൂൺ ഒന്നിനകവും കോ-ഡ്രൈവർ എയർ ബാഗുകൾ സ്ഥാപിക്കണം.

ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും നിലവിൽ പുത്തൻ മോഡലുകൾക്ക്, മുന്നിൽ ഡ്യുവൽ എയർ ബാഗുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, എല്ലാ വാഹനങ്ങൾക്കും അവയുടെ മുഴുവൻ വേരിയന്റുകൾക്കും കോ-ഡ്രൈവർ എയർ ബാഗുകളും ഉറപ്പാക്കുകയാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ശുപാർ‌ശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാഹന നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഇതു സംബന്ധിച്ച നിർദേശങ്ങൾ 30 ദിവസത്തിനകം സമർപ്പിക്കാം. ഇതുകൂടി പരിഗണിച്ചാകും കേന്ദ്രം അന്തിമ ഉത്തരവിറക്കുക. ഡ്രൈവർ എയർ ബാഗുകൾ നിർബന്ധമാക്കിയുള്ള ഉത്തരവ് 2019ൽ തന്നെ നിലവിൽ വന്നിരുന്നു.

കാറുകൾക്ക്

വില ഉയരും

കാർ നിർമ്മാതാക്കൾ നിലവിൽ കോ-ഡ്രൈവർ എയർബാഗ് ഓപ്‌ഷൻ നൽകുന്നുണ്ട്. ഇത്, നിർബന്ധമാക്കിയാലും നിർ‌മ്മാതാക്കൾക്ക് പ്രയാസമുണ്ടാവില്ല. എന്നാൽ, എൻട്രി-ലെവൽ (ഓൾട്ടോ, ക്വിഡ്, സാൻട്രോ, വാഗൺആർ തുടങ്ങിയ) കാറുകൾക്ക് 5,000 മുതൽ 8,000 രൂപവരെ വില വർദ്ധനയുണ്ടാകും.

ടെസ്‌ല എത്തും 2021ൽ;

വില പ്രതീക്ഷ ₹60 ലക്ഷം

ഇലക്‌ട്രിക് വാഹനലോകത്തെ ശ്രദ്ധേയ അമേരിക്കൻ കമ്പനിയായ ടെസ്‌ല 2021ൽ ഇന്ത്യയിലെത്തും. മോഡൽ 3 സെഡാൻ മോഡലാണ് കമ്പനി ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുക. ബുക്കിംഗും വില്പനയും 2021ന്റെ ആദ്യപകുതിയിൽ തന്നെ പ്രതീക്ഷിക്കാം. മോഡൽ 3ന് പ്രതീക്ഷിക്കുന്ന വില 55-60 ലക്ഷം രൂപ.