kid

വാഷിംഗ്ഡൺ.. വീട് മുഴുവൻ തീപടർന്നപ്പോൾ രണ്ട് വയസുകാരി കുഞ്ഞനുജത്തിക്ക് രക്ഷകനായത് ഏഴ് വയസുകാരൻ.. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. ന്യൂ ടാസെവാളിലെ അഗ്നിശമന സേനയിൽ ജോലി നോക്കുന്ന നികോൾ, ക്രിസ് ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനായ ഏലി ഡേവിഡ്സണാണ് ഈ വീരൻ.. രാത്രിയിൽ ഉറക്കത്തിനിടെ വീട്ടിൽ പുക നിറയുന്നതറിഞ്ഞ നിക്കോളും ക്രിസും മക്കളിൽ രണ്ട് ആൺകുട്ടികളുമായി ഓടി പുറത്തിറങ്ങി. രണ്ട് വയസുകാരിയായ മൂന്നാമത്തെ കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചപ്പോഴേക്കും വീട്ടിൽ വലിയ തീയും പുകയും ഉയർന്നു കഴിഞ്ഞു. ആ സമയം ഏലി വീടിന്റെ ജനൽവഴി പിടിച്ചുകയറി അകത്ത് ഇതൊന്നും മനസിലാകാതെ ഉറങ്ങുകയായിരുന്ന അനുജത്തിയെ പുറത്തെത്തിച്ചു.

അമ്മയും അച്ഛനും കുഞ്ഞിനെ രക്ഷിക്കാൻ വഴി കാണാതെയിരുന്നപ്പോഴാണ് കുഞ്ഞ് ഏലി ഡേവിഡ്‌സൺ ഇങ്ങനെ ചെയ്‌തത്. ഏലിയുടെ ഈ വീരകൃത്യം അറിഞ്ഞവരെല്ലാം അവനെ വാനോളം പുകഴ്‌ത്തുകയും അഭിനന്ദിക്കുകയും ചെയ്‌തു.

കുറച്ചുനാൾ മുൻപ് അമേരിക്കയിൽ നിന്നു തന്നെ വ്യോമിംഗ് സംസ്ഥാനത്ത് അപകടകാരിയായ നായിൽ നിന്ന് അനുജത്തിയെ രക്ഷിച്ച ആറ് വയസുകാരനായ ബ്രിഡ്‌ജർ എന്ന കുട്ടിയുടെ വാർത്തയും പുറത്തുവന്നിരുന്നു. അന്ന് നായിൽ നിന്ന് മുഖത്തിനേറ്റ പരുക്ക് മൂലം 90 സ്‌റ്റിച്ചുകളാണ് കുട്ടിക്ക് വേണ്ടിവന്നത്.