riyad

റിയാദ് : പ്രമുഖ വനിതാ ആക്ടിവിസ്റ്റ് ലൂജൈൻ അൽ ഹത്‌ലൂളിന് (31)​ ആറ് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് സൗദി കോടതി. സൗദി രാഷ്ട്രീയ വ്യവസ്ഥയിൽ മാറ്റം വരുത്താനും ദേശീയ സുരക്ഷയ്ക്ക് ഹാനികരമാകുമെന്നും കാണിച്ചാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പ്രാദേശിക പത്രങ്ങൾ ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ത്രീകൾക്കും വാഹനമോടിക്കാനുള്ള അവകാശത്തിനും രാജ്യത്തെ പുരുഷ രക്ഷകർത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലൂജൈൻ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെയാണ് ശിക്ഷ വിധിച്ചത്. കുറ്റം സമ്മതിക്കാൻ വേണ്ടി ജുലൈന് വൈദ്യുതാഘാതം വാട്ടർബോർഡിംഗ് ചാട്ടവാറടി,​ ലൈംഗികാതിക്രമണം എന്നിവ നേരിടേണ്ടി വന്നെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ആരോപണങ്ങൾ അധികൃതർ നിഷേധിച്ചു. 2018 ലാണ് ലൂജൈൻ അറസ്റ്റിലാകുന്നത്. ഇപ്പോൾ തന്നെ 2 വർഷവും എട്ടുമാസവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരുടെ മോചനത്തിന് വേണ്ടി കുടുംബവും മറ്റ് മനുഷ്യാവകാശ പ്രവർത്തകരും അപ്പീൽ നൽകും. തന്റെ സഹോദരി ഒരു തീവ്രവാദി അല്ല,​ അവൾ ഒരു ആക്ടിവിസ്റ്റാണ്. സൗദി രാജ്യം അഭിമാന പൂർവം എടുത്തു പറയുന്ന പരിഷ്കാരങ്ങൾക്ക് ഒരു ആക്ടിവിസ്റ്റിനെ ശിക്ഷിക്കുന്നത് കാപട്യമാണെന്ന് ലൂജൈന്റെ സഹോദരി ലിന പറയുന്നു. എന്നാൽ ബലപ്രയോഗമില്ലാതെയാണ് ലൂജൈൻ കുറ്റം സമ്മതിച്ചതെന്ന് കോടതി അറിയിച്ചു. 5 വർഷത്തേക്ക് ലൂജൈന് യാത്രാവിലക്ക് ഏർപ്പെടുത്തി. അതേ സമയം ലൂജൈന്റെ ശിക്ഷയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്ന് യു.എസ് വക്താവ് കേൽ ബ്രൗൺ പറഞ്ഞു. ലൂജൈൻ എത്രയും പെട്ടെന്ന് പുറത്തിറങ്ങുമെന്നാമ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു