
സുരേഷ് ഗോപിയുടെ 250-ാം ചിത്രം ഇൗവർഷം
മേജർ ഉണ്ണിക്കൃഷ്ണൻ: വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. താരാഭാരങ്ങളേതുമില്ലാത്ത ആ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ കാരണങ്ങളിലൊന്ന് പ്രേക്ഷകർക്ക് സുരേഷ് ഗോപിയോടുള്ള ഒരു കാലത്തും കുറയാത്ത ഇഷ്ടംതന്നെയാണ്.പോയവർഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രം മാത്രമേ സുരേഷ് ഗോപിയുടെ ക്രെഡിറ്റിലുണ്ടായിരുന്നുള്ളൂവെങ്കിൽ കൈനിറയെ പ്രോജക്ടുകളുമായാണ് സുരേഷ് ഗോപി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്നത്.നവാഗതനായ മാത്യുതോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനാണ് 2021-ൽ സുരേഷ് ഗോപിയുടെ അനൗൺസ് ചെയ്ത പ്രോജക്ടുകളിലൊന്ന്. സുരേഷ് ഗോപി അഭിനയിക്കുന്ന 250-ാം ചിത്രമായ ഒറ്റക്കൊമ്പൻ കൊവിഡ് കാല നിയന്ത്രണങ്ങൾ പിൻവലിച്ചാലുടൻ ചിത്രീകരണമാരംഭിക്കും. വമ്പൻ ക്യാൻവാസിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്.നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലാണ് റിലീസിന് തയ്യാറായിക്കഴിഞ്ഞ സുരേഷ് ഗോപി ചിത്രം. രണ്ട് ഗെറ്റപ്പിലാണ് താരം ഇൗ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.