
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് പ്രോജക്ടുകളുമായി പുതുവർഷത്തിലും  തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്  ദുൽഖർ
ആരാധകർ മോഹിക്കുന്ന ചിത്രങ്ങളിലഭിനയിക്കാനല്ല താനാഭിനയിക്കുന്ന ചിത്രങ്ങളിലൂടെ ആരാധകരെ മോഹിപ്പിക്കാനാണ് എക്കാലവും ദുൽഖർ സൽമാൻ ശ്രദ്ധിച്ചിട്ടുള്ളത്. പുതുവർഷത്തിലും ആ പതിവിന് മാറ്റമില്ല. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമൊക്കെ ദുൽഖർ ചെയ്യുന്നത് ലവ് സ്റ്റോറികളും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളും പീര്യഡ് ഡ്രാമകളും ഫാമിലി സിനിമകളുമൊക്കെയാണ്.വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നീ രണ്ട് സിനിമകളാണ് പോയവർഷം ദുൽഖറിന്റെ ക്രെഡിറ്റിലുള്ളത്. തിയേറ്റർ റിലീസായിരുന്ന വരനെ ആവശ്യമുണ്ട് സൂപ്പർ ഹിറ്റായപ്പോൾ ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്ത മണിയറയിലെ അശോകൻ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മണിയറയിലെ അശോകനിൽ അതിഥി വേഷമായിരുന്നു ദുൽഖറിന്. വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ഇരു ചിത്രങ്ങളും നിർമ്മിച്ചത്.

ദുൽഖർ നിർമ്മിച്ച് ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു. ഷൈൻടോം ചാക്കോയും അഹാന കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകനും നായികയും. ദുൽഖർ ഈ ചിത്രത്തിലഭിനയിക്കുന്നില്ല.പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ഹേ സിനാമിക എന്ന തമിഴ് ചിത്രത്തിന്റെ ചെന്നൈയിലെ അവസാനഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ദുൽഖർ കുറുപ്പിന്റെ പാച്ച് വർക്കിൽ പങ്കെടുക്കും. ദുൽഖർ നിർമ്മിച്ച്  നായകനാകുന്ന കുറുപ്പിന്റെ രണ്ട് ദിവസത്തെ ചിത്രീകരണം കൂടി അവശേഷിക്കുന്നുണ്ട്. ജനുവരി ആദ്യവാരം കൊച്ചിയിൽ ചിത്രീകരണം നടക്കും.ബോബി - സഞ്ജയ്യുടെ  രചനയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടാണ് പുതുവർഷത്തിൽ ദുൽഖറിന്റെ ആദ്യ പ്രോജക്ട്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി രണ്ടാംവാരം തിരുവനന്തപുരത്ത് തുടങ്ങും. ദുൽഖർ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടു ന്നുവെന്നതാണ് സല്യൂട്ടിന്റെ സവിശേഷതകളിലൊന്ന്.

സല്യൂട്ട് പൂർത്തിയാക്കിയശേഷം ദുൽഖർ മഹാനടിക്ക് ശേഷമുള്ള തന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തിൽ ജോയിൻ ചെയ്യും. മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസാണ് ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രവും നിർമ്മിക്കുന്നത്. തെലുങ്കിൽ അണ്ടാല രാക്ഷസി എന്ന ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഹാനു രാഘവപുഡിയാണ് യുദ്ധ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ പീര്യഡ് ലവ് സ്റ്റോറിയുടെ സംവിധായകൻ. തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളായ പൂജാ ഹെഗ്ഡെയും റാഷിഖന്നയുമാണ് ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികമാരാകുന്നത്.പോക്കിരി സൈമണിനുശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രവും കുറുപ്പിന്റെ അസോസിയേറ്റ് ഡയറക്ടറായ പ്രവീൺ ചന്ദ്രൻ സംവിധായകനാകുന്ന ചിത്രം എന്നിവയാണ്. മലയാളത്തിൽ ദുൽഖറിന്റെ പരിഗണനയിലുള്ള മറ്റ് പ്രോജക്ടുകൾ.