
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് രാജ്യവ്യാപകമായി സുരക്ഷ ശക്താമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്ധ്യോഗസ്ഥരെ വിന്യസിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനുവരി പത്തുവരെ ആഘോഷ പരിപാടികൾക്കും ഒത്തുകൂടലിനുംവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്..
റോഡ് സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ പ്രധാന റോഡുകളിലും കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിച്ചു. രാജ്യത്തിന്റെ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികൾ സംഘടിപ്പിക്കുന്നവരെ പിടികൂടും.
ഇതുമായി ബന്ധപ്പെട്ട് സംശയമുള്ള അപ്പാർട്ടുമെന്റുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. തെരുവുകൾ, മാർക്കറ്റ്, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണസംഘത്തെ മഫ്തിയിലടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ അതിർത്തി ചെക്ക് പോയന്റുകളും കർശന നിരീക്ഷണത്തിലാണ്.
ആഘോഷഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിന്റെ താക്കീത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം വഴിയും അല്ലാതെയും ഉള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകി.
തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ കര, കടൽ, വ്യോമ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കാമെന്ന് അധികൃതർ അറിയിച്ചു
കുവൈത്ത് വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത് പിന്നീട് തുടരേണ്ടെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർക്ക് ആശ്വാസമാണ് ഈ പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പ്രവാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തീരുമാനം നീണ്ടുപോവുമോ എന്നതായിരുന്നു ആശങ്കയുടെ അടിസ്ഥാനം.
സാഹചര്യങ്ങൾ വിലയിരുത്തി തുടർ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടണിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളവും കര, കടൽ അതിർത്തികളും അടക്കാൻ തീരുമാനിച്ചത്. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പ്രവാസികളും വിവിധ അത്യാവശ്യങ്ങൾക്ക് ഉൾപ്പെടെ നാട്ടിൽ പോവാനിരുന്നവരുമാണ് പ്രയാസത്തിലായത്.