
പൃഥ്വിരാജുമായി വീണ്ടും ഒന്നിക്കുന്നു; രവി തേജയുടെ സുഹൃത്തായി തെലുങ്കിൽ
പൃഥ്വിരാജുമായി വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്നതാണ് പുതുവർഷത്തിൽ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ വിശേഷം. ബോളിവുഡിൽ തരംഗമായ അന്ധാദുൻ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കിലാണ് ഉണ്ണിമുകുന്ദനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ വർഷം ആദ്യം ഉണ്ണിമുകുന്ദൻ അഭിനയിക്കുന്നത്. രവി തേജയോടൊപ്പമഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഒരാഴ്ച നീണ്ടുനിന്ന ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയാക്കി ഡിസംബർ ഒടുവിലാണ് ഉണ്ണി മുകുന്ദൻ ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയത്. രവി തേജയുടെ സുഹൃത്തിന്റെ വേഷമാണ് ഉണ്ണിക്ക് ഈ ചിത്രത്തിൽ.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ക്രൈം ത്രില്ലറാണ് ഉണ്ണി മലയാളത്തിൽ അഭിനയിച്ച് പൂർത്തിയാക്കിയത്. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചുകൊണ്ട് നിർമ്മാണരംഗത്തേക്കും കടക്കുകയാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാന്റെ സംവിധായകൻ വിഷ്ണുമോഹന്റെ 'പപ്പ" എന്ന ചിത്രവും ഉണ്ണിയുടെ ഈ വർഷത്തെ പ്രോജക്ടുകളിലൊന്നാണ്.വൈശാഖ് - ഉദയകൃഷ്ണയുടെ ടീമൊരുക്കുന്ന ആക്ഷൻ ത്രില്ലറായ ബ്രൂസ്ലിയാണ് ഉണ്ണിമുകുന്ദന്റെ ഈ വർഷത്തെ മെഗാ പ്രോജക്ട്.