
തെന്നിന്ത്യൻ ഭാഷകളിൽ  ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാർ  നയൻതാരയ്ക്ക് ഇക്കൊല്ലം മലയാളത്തിലും 
രണ്ട് റിലീസുകളുണ്ട്
നായികമാരിലെ സൂപ്പർ താരമായ നയൻതാരയുടെ ക്രെഡിറ്റിൽ ഇൗ വർഷം രണ്ട് മലയാള ചിത്രങ്ങളുണ്ടാകും. നവാഗതനായ അപ്പു എൻ. ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ പൂർത്തിയാക്കിയ നയൻതാര ഇൗവർഷം അൽഫോൺസ് പുത്രന്റെ ഫഹദ് ഫാസിൽ ചിത്രമായ പാട്ടിലും അഭിനയിക്കും. മറ്റ് ഭാഷകളിലെപ്പോലെ മലയാളി നായികമാർക്ക് സ്വപ്നം കാണാനാവാത്ത പ്രതിഫലമാണ് മലയാളത്തിലും നയൻസ് വാങ്ങുന്നത്.
സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അണ്ണാത്തെ, വിജയ് സേതുപതിയോടൊപ്പം കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിലാണ് ഇരു ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുന്നത്. നയൻതാരയുടെ ഭാവിവരനായ വിഘ്നേഷ് ശിവനാണ് കാത്തുവാക്കുല രണ്ട് കാതൽ സംവിധാനം ചെയ്യുന്നത്. വിഘ്നേഷ് ശിവന്റെ റൗഡി പിക്ച്ചേഴ്സ് തന്നെയാണ് നിർമ്മാണവും.മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രിക്കൺ ആയിരിക്കും പുതുവർഷത്തിൽ നയൻതാരയുടെ ആദ്യ റിലീസ്. ബ്ളൈൻഡ് എന്ന കൊറിയൻ ചിത്രത്തിന്റെ തമിഴ് പതിപ്പായ നെട്രിക്കൺ നിർമ്മിക്കുന്നതും വിഘ്നേഷ് ശിവന്റെ റൗഡി പിക്ച്ചേഴ്സാണ്.