
2020 ൽ ഒറ്റ റിലീസ് പോലുമില്ലാതിരുന്നതിന്റെ കടം പലിശയടക്കം ഇക്കൊല്ലം വീട്ടുവാനുള്ള ഒരുക്കത്തിലാണ് നിവിൻപോളി.
പത്ത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അത്രയും തന്നെ ബോക്സാഫീസ് ഹിറ്റുകൾ സ്വന്തമാക്കിയ താരമാണ് നിവിൻപോളി. യുവതാരങ്ങൾക്കിടയിലെ ക്രൗഡ് പുള്ളർമാരിലൊരാളാണ് താനെന്ന് എത്രയോവട്ടം നിവിൻ തെളിയിച്ചിരിക്കുന്നു.
കൊവിഡ് പ്രതിസന്ധി കാരണം മാർച്ച് മാസം തിയേറ്ററുകൾ അടച്ചുപൂട്ടിയത് കാരണം പോയ വർഷം നിവിൻപോളിയുടേതായി ഒറ്റ സിനിമപോലും തിയേറ്ററുകളിലെത്തിയില്ല.പോയ വർഷത്തെ കടം ഈ വർഷം പലിശ സഹിതം വീട്ടാനുള്ള ഒരുക്കത്തിലാണ് നിവിൻപോളി. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് ഈ വർഷത്തെ നിവിന്റെ വമ്പൻ പ്രോജക്ടുകളിലൊന്ന്. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തെക്കുറിച്ച് നിവിന് പ്രതീക്ഷകളേറെയാണ്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹമാണ് നിവിന്റെ പൂർത്തിയായ മറ്റൊരു ചിത്രം. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻപോളി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗ്രേസ് ആന്റണിയാണ് നായിക.സണ്ണിവയ്ൻ നിർമ്മിച്ച് നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. മഞ്ജുവാര്യരും പടവെട്ടിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. നവാഗതരായ റോണി മാനുവൽ ജോസ് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ്റ്റർ ഒഫ് മുണ്ടൻമല, രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്പെഷ്യൽ എന്നിവയ്ക്കൊപ്പം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിലും നിവിൻ പോളി ഈ വേഷമഭിനയിക്കും. നിവിന്റെ നിർമ്മാണക്കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.