
പുതുവർഷത്തിൽ വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയാൻ ഒരുങ്ങുകയാണ് ബിജുമേനോൻ
സുരേഷ് കൃഷ്ണയുമായി ചേർന്ന് സുഗീതിന്റെ സിനിമ നിർമ്മിക്കുന്ന ബിജുമേനോൻ പോയവർഷം നിറഞ്ഞാടിയ അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരെപ്പോലെ കരുത്തുറ്റതും വ്യത്യസ്തവുമായ വേഷങ്ങളാണ് ഇൗ വർഷവും കാത്തിരിക്കുന്നത്.ഷാജൂൺ കാര്യാൽ, കാമറാമാൻ പി. സുകുമാർ, സുരേഷ് കൃഷ്ണ, യശഃശരീരനായ റൈറ്റർ ഡയറക്ടർ സച്ചി എന്നിവരുമായി ചേർന്ന് തക്കാളി ഫിലിംസിന്റെ ബാനറിൽ ചേട്ടായീസ് നിർമ്മിച്ച ബിജുമേനോൻ ഉറ്റചങ്ങാതിയായ അഭിനേതാവ് സുരേഷ് കൃഷ്ണയുമായി ചേർന്ന് പുതുവർഷത്തിൽ വീണ്ടും നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ് ഇരുവരും ചേർന്നുള്ള നിർമ്മാണക്കമ്പനിക്ക് പേരിട്ടിട്ടില്ല. സുഗീതാണ് ഇവരുടെ ആദ്യ ചിത്രമൊരുക്കുന്നത്. തലയുണ്ട് ഉടലില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം.

ഇൗ വർഷം ബിജുമേനോൻ അഭിനയിക്കുന്ന സുപ്രധാന പ്രോജക്ടുകളിലൊന്നാണ്.നവാഗതനായ എൻ. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതുവർഷം ബിജുമേനോൻ ചെയ്യുന്ന ആദ്യ പ്രോജക്ടുകളിൽ മറ്റൊന്ന്. പരസ്യ കമ്പനിയായ ഒാൾഡ് മങ്കിന്റെ സാരഥികളിലൊരാളായിരുന്ന എൻ. ശ്രീജിത്ത് ബിജുമേനോനും അസിഫ് അലിയും അഭിനയിച്ച് സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത് പകിട എന്ന ചിത്രത്തിന്റെ രചയിതാക്കളിലൊരാളായിരുന്നു പകിടയുടെ സഹരചയിതാവായ രാജേഷ് രാജേന്ദ്രനുമായി ചേർന്നാണ് എൻ. ശ്രീജിത്ത് തന്റെ ആദ്യ സംവിധാന സംരംഭത്തിനും തിരക്കഥയൊരുക്കുന്നത്.

പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന മാട്ടി നേരത്തെ അനൗൺസ് ചെയ്ത പ്രോജക്ടാണെങ്കിലും വലിയ ക്യാൻവാസിലൊരുങ്ങുന്ന മാസ് ചിത്രമായതിനാൽ തിയേറ്ററുകൾ തുറന്ന ശേഷമേ ആ ചിത്രത്തിന്റെ ചിത്രീകരണത്തീയതി തീരുമാനിക്കൂവെന്ന് ബിജുമേനോൻ പറഞ്ഞു.പ്രശസ്ത ഛായാഗ്രാഹകനായ സാനുജോൺ വർഗീസ് സംവിധായകനാകുന്ന അസത്യമാണ് ബിജുമേനോൻ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, സൈജു കുറുപ്പ് എന്നിവരാണ് അസത്യത്തിലെ മറ്റു താരങ്ങൾ.സെഞ്ച്വറിയുമായി ചേർന്ന് മഞ്ജുവാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജുവാര്യർ നിർമ്മിച്ച് മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിരക്കിലാണ് ബിജുമേനോൻ ഇപ്പോൾ.