
പറവയിലൂടെ സംവിധായകനായ  സൗബിൻ ഷാഹിർ അഭിനയത്തിരക്കിനിടയിലുംവീണ്ടും സംവിധായകാനാകാനുള്ള തയ്യാറെടുപ്പിലാണ്....
അഭിനയിക്കാനുള്ള അനവധി ചിത്രങ്ങൾ തന്നെ കാത്ത് നില്‍ക്കുമ്പോഴായിരുന്നു അഭിനേതാവിന്റെ തിരക്കുകളിൽ നിന്ന് അവധിയെടുത്ത് സൗബിൻ ഷാഹിർ പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയത്. അഭിനയത്തിരക്കുകൾക്കിടയിലും ഇക്കൊല്ലവും സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൗബിൻ. സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളിലൊന്ന് സൗബിന്റെ പിതാവും മലയാളത്തിലെ സീനിയർ പ്രൊഡക്ഷൻ കൺട്രോളർമാരിലൊ രാളുമായ ബാബു ഷാഹിറാണ് നിർമ്മിക്കുന്നത്. ബാബു ഷാഹിർ പ്രൊഡക്ഷൻസ് എന്നായിരിക്കും ബാനറിന്റെ പേര്.

ഇപ്പോൾ ലാൽജോസ് സംവിധാനം ചെയ്യുന്ന മാവ്യൂ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സൗബിൻ ഷാഹിർ. യു.എ.ഇയിലെ റാസൽഖൈമയിലാണ് മ്യാവുവിന്റെ ചിത്രീകരണം. നാല്പത് ദിവസത്തെ ഡേറ്റാണ് സൗബിൻ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് 2021-ലെ സൗബിന്റെ പ്രധാന പ്രോജക്ടുകളിലൊന്ന്. പറവയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായ ഷൈജു ഉണ്ണി നിർമ്മിച്ച് നവാഗതനായ ഹവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും 2021-ൽ സൗബിൻ അഭിനയിക്കും.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന്, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചുരുളി, നവാഗതനായ ഹസീഫ് യൂസഫ് ഇസുദൻ സംവിധാനം ചെയ്യുന്ന ഇരുൾ, നവാഗതനായ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന കള്ളൻ ഡിസൂസ എന്നീ ചിത്രങ്ങൾ സൗബിൻ അഭിനയിച്ച് പൂർത്തിയാക്കി കഴിഞ്ഞു.