
മികവ്  തെളിയിച്ച്  കാളിദാസ്, മികച്ച  പ്രോജക്ടുകളുമായി  ജയറാം
ജയറാമിനും മകൻ കാളിദാസിനും നേട്ടങ്ങളുടെ വർഷമായിരുന്നു 2020. അല്ലു അർജുനോടൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം അല വൈകുണ്ഠപുരമുലോ (മലയാളം പതിപ്പ് അങ്ങ് വൈകുണ്ഠപുരത്ത്) യായിരുന്നു പോയ വർഷം ജയറാമിന്റെ ഒരേയൊരു തിയേറ്റർ റിലീസ് . ചരിത്ര വിജയമായ ചിത്രം തെലുങ്കിൽ ജയറാമിന്റെ മാർക്കറ്റ് വാല്യു വർദ്ധിപ്പിച്ച് കഴിഞ്ഞു. പ്രഭാസിനൊപ്പം തെലുങ്കിൽ രാധേശ്യാം എന്ന മെഗാപ്രോജക്ടിൽ അഭിനയിച്ച് വരുന്ന ജയറാം തെലുങ്കിലെ മറ്റൊരു സൂപ്പർ താരമായ ജൂനിയർ എൻ.ടി.ആറിനൊപ്പമുള്ള ചിത്രത്തിലും ഈ വർഷം അഭിനയിക്കും. സംസ്കൃതത്തിൽ ആദ്യമായ് അഭിനയിച്ച നമോ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തതാണ് പോയ കൊല്ലം ജയറാമിന്റെ സന്തോഷങ്ങളിൽ മറ്റൊന്ന്.സത്യൻ അന്തിക്കാടിന്റെ ചിത്രമാണ് മലയാളത്തിൽ ജയറാം കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രോജക്ടുകളിലൊന്ന്.

ഒ.ടി.ടി റിലീസായെത്തിയ പുത്തം പുതുകാലൈ എന്ന ആന്തോളജി ചിത്രത്തിലെ ഇളമൈ ഇതോ ഇതോയിലെ ജയറാമിന്റെപ്രകടനം കൈയടി നേടി.ഇളമൈ ഇതോ ഇതോയിൽ ജയറാമിനൊപ്പം കളിദാസും മികച്ച പ്രകടനമാണ്കാഴ്ചവച്ചത്. പാവൈ കഥകൾ എന്ന നെറ്റ് ഫ്ലിക്സ് ആന്തോളജി ചിത്രത്തിലെ തങ്കത്തിൽ ട്രാൻസ്ജെൻഡറായ സത്താറിന്റെ വേഷത്തിൽ വിസ്മയകരമായ പ്രകടനമായിരുന്നു കാളിദാസിന്റേത്.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ, ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സ് എന്നീ ചിത്രങ്ങൾ കാളിദാസ് പൂർത്തിയാക്കിക്കഴിഞ്ഞു.രണ്ട് ഭാഗങ്ങളിലായി മണിരത്നം ഒരുക്കുന്ന മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റി ചിത്രമായ പൊന്നിയിൻ ശെൽവനാണ് ജയറാമിന് പൂർത്തിയാക്കാനുള്ളത്.