
ബോബി- സഞ്ജയ് യുടെ രചനയിൽ ജിസ് ജോയി  സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതുവർഷത്തിലെ 
ആസിഫ് അലിയുടെ ആദ്യ പ്രോജക്ട്
ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും. തന്നെ നായകനാക്കി ഹാട്രിക് ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ജിസ് ജോയിയുടെ ചിത്രമാണ് പുതുവർഷത്തിലെ ആസിഫ് അലിയുടെ ആദ്യ പ്രോജക്ട്.ബോബി- സഞ്ജയ്യുടേതാണ് രചന. മണിയൻപിള്ള രാജു നിർമ്മിച്ച് സേതു രചനയും സംവിധാനവും നിർവഹിക്കുന്ന മഹേഷും മാരുതിയുമാണ് ഇൗ വർഷത്തെ ആസിഫിന്റെ മറ്റൊരു പ്രോജക്ട്.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിലാണ് ആസിഫ് അലി ഇപ്പോഴഭിനയിക്കുന്നത്. ഇൗരാറ്റുപേട്ടയാണ് ലൊക്കേഷൻ.

കുഞ്ഞെൽദോയാണ്  കൊവിഡിന് മുൻപേ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുത്ത് നിൽക്കുന്ന ആസിഫ് അലി ചിത്രം. റേഡിയോ, വീഡിയോ ജോക്കിയായ മാത്തുക്കുട്ടി സംവിധായകനാകുന്ന കുഞ്ഞെൽദോയിൽ വിനീത് ശ്രീനിവാസനും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ലോക് ഡൗണിന് മുൻപ് ആദ്യ ഘട്ട ചിത്രീകരണം നടന്ന രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ രാജസ്ഥാനിൽ നടന്ന രണ്ടാം ഘട്ട ചിത്രീകരണം ആസിഫ് അലി പൂർത്തിയാക്കിയത് കഴിഞ്ഞ മാസമാണ്. ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രം പൂർത്തിയാകാനുണ്ട്.'സിബിസാറിന്റെ സിനിമയിൽ ഞാൻ നാലാം തവണയാണ് അഭിനയിക്കുന്നത്. ഇനി ഒൗട്ട് ഡോർ രംഗങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ഒൗട്ട് ഡോർ ഷൂട്ടിംഗിനുള്ള അനുമതി ലഭിച്ച് കഴിഞ്ഞാലുടൻ ആ സിനിമ പൂർത്തിയാക്കും." ആസിഫ് അലി പറഞ്ഞു.ഒൗട്ട് ഡോർ ഷൂട്ടിംഗിന് തിയേറ്ററുകൾ തുറക്കാനും അനുമതി ലഭിച്ച ശേഷമേ ഇൗ വർഷത്തെ മറ്റ് പ്രോജക്ടുകളുടെ കാര്യത്തിൽ ആസിഫ് അന്തിമ തീരുമാനമെടുക്കൂ.