
'ആന്ധ്രായീന്ന് കൊണ്ടു വന്ന പോത്താ. ഹയ്യോ എന്നാ തെലുങ്കാനേന്നായിരിക്കും, അവനിവിടം ഇളക്കി മറിക്കും. മാവോയിസ്റ്റ് എന്ന എസ്. ഹരീഷിന്റെ കഥയിൽ നിന്ന് ആ പോത്തിനെ ലിജോ ജോസ് പെല്ലിശ്ശേരി വെള്ളിത്തിരയിലേക്ക് ഓടിച്ചുകേറ്റി. കെട്ട് പൊട്ടിച്ചോടിയ ആ പോത്ത് മലയാളമാകെ ഇളക്കി മറിച്ച് ദാ ഇപ്പോൾ ഓസ്കറിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് എന്ന സിനിമയിലൂടെ ലോക ചലച്ചിത്ര വേദിയോളം ഓടിക്കയറിയിരിക്കുകയാണ് മലയാളസിനിമയും.
സിനിമയിലേക്ക് കാലെടുത്തു വച്ച് പത്താംവർഷം ലോകസിനിമ ഉറ്റുനോക്കുന്ന ഒരു പേരായി മാറുക, ലിജോ ജോസ് പെല്ലിശേരി എന്ന സിനിമാ മാന്ത്രികൻ സ്വന്തമാക്കിയ നേട്ടമാണത്. താരങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ, ആത്യന്തികമായി സംവിധായകന്റെ കലയാണെന്ന് ഊട്ടിയുറപ്പിക്കുന്ന ചിത്രങ്ങളാണ് ലിജോ ഈ പത്തുവർഷങ്ങൾക്കുള്ളിൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒരുപക്ഷേ, പരീക്ഷണചിത്രങ്ങളുടെ തമ്പുരാൻ എന്ന വിളിപ്പേരിന് ഇന്നത്തെ മലയാളസിനിമയിൽ അർഹനായ സംവിധായകൻ കൂടിയാണ് ലിജോ. അതിനൊടുവിലത്തെ തെളിവാണ് ജെല്ലിക്കെട്ട് എന്ന ചിത്രം ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സിനിമയിലേക്കുള്ള വരവ്
ലിജോയുടെ പേരിനൊപ്പമുള്ള ജോസ് പെല്ലിശ്ശേരി മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു. സിനിമാതാരം എന്നതിലുപരി ഒരു പ്രൊഫഷണൽ സ്റ്റേജ് ആർട്ടിസ്റ്റും നാടകകമ്പനി ഉടമയുമായിരുന്നു ലിജോയുടെ പിതാവ് ജോസ് പെല്ലിശ്ശേരി. നടൻ തിലകനായിരുന്നു അവരുടെ നാടകം സംവിധാനം ചെയ്തിരുന്നത്. അങ്ങനെ സർഗ്ഗാത്മകതയുള്ള അന്തരീക്ഷത്തിലായിരുന്നു ലിജോ വളർന്നത്. അത്തരം പ്രതിഭാധനന്മാരുടെ ഇടയിൽ വളരാൻ കഴിഞ്ഞതാണ് താൻ സിനിമയിലേക്ക് വരാനൊരു കാരണമായതെന്ന് ലിജോ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. പത്താം ക്ളാസ് കഴിഞ്ഞപ്പോൾ സിനിമയാണ് തന്റെ സ്വപ്നമെന്നും ആരുടെയെങ്കിലും സംവിധാന സഹായി ആകണമെന്നും അച്ഛൻ ജോസ് പെല്ലിശ്ശേരിയോട് ലിജോ പറഞ്ഞുവെങ്കിലും അതത്ര നല്ല തീരുമാനമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പഠിച്ച്, പക്വത വന്നശേഷം ആ തീരുമാനമെടുത്താൽ മതിയെന്ന് അദ്ദേഹം ലിജോയോട് പറഞ്ഞു. പിന്നെ, എം.ബി.എ കഴിഞ്ഞ ശേഷമാണ് ലിജോ സിനിമയെന്ന സ്വപ്നം തന്റെയുള്ളിൽ നിന്ന് പോയിട്ടില്ലെന്ന് അച്ഛനോട് വീണ്ടും പറയുന്നത്. ഇത്തവണ അദ്ദേഹവും എതിരുനിന്നില്ല. എങ്കിലും സിനിമയ്ക്ക് മുമ്പ് അഡ്വർടൈസിംഗിലായിരുന്നു ലിജോ തുടക്കമിട്ടത്. എട്ടുമാസം  ആ രംഗത്ത് ജോലി നോക്കി. പിന്നെ, സിനിമയിലേക്ക്. ആരുടെയെങ്കിലും സഹായി ആയി സിനിമയിലേക്ക് ഇറങ്ങണമെന്നായിരുന്നു വിചാരിച്ചതെങ്കിലും നേരിട്ട് സംവിധായകനാവുകയായിരുന്നു ലിജോ.
ഫീനിക്സ് പക്ഷിയെ പോൽ
2010ൽ നായകൻ എന്ന ചിത്രം സംവിധാനം ചെയ്താണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമാപ്രവേശനം. പിതാവ് ജോസ് പെല്ലിശ്ശേരിയുടെ മരണത്തിന് ശേഷമായിരുന്നു അത്. അതുകൊണ്ട് തന്നെ ഗോഡ്ഫാദർ എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല ലിജോയ്ക്ക്. ആദ്യ സിനിമ നായകൻ നിർമ്മിക്കുന്നത് സുഹൃത്തായ അനൂപ് തരകനാണ്. സിനിമ തീയേറ്ററിൽ വിജയം കണ്ടില്ല. എങ്കിലും തോറ്റുപിന്മാറാൻ ലിജോ തയ്യാറായിരുന്നില്ല. തൊട്ടടുത്ത വർഷം മൾട്ടി സ്റ്റാർ ചിത്രം സിറ്റി ഒഫ് ഗോഡ് എന്ന സിനിമ പുറത്തിറക്കി. ആദ്യ ചിത്രം പോലെ നിരൂപക പ്രശംസ നേടാനായെങ്കിലും തീയേറ്ററിൽ വിജയിക്കാൻ രണ്ടാമത്തെ ചിത്രത്തിനും കഴിഞ്ഞില്ല.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന പേര് പ്രേക്ഷകർക്കിടയിൽ പരിചിതമാക്കിയ ചിത്രം മൂന്നാമതായിറങ്ങിയ ആമേൻ ആണ്. മാജിക്കൽ റിയലിസം മലയാളി പ്രേക്ഷകനെ പരിചയപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ആമേൻ. പരിപൂർണ്ണമായും മേക്കറിന്റെ കൈവഴക്കം തെളിഞ്ഞു നിന്ന സിനിമ. ചിത്രം സാമ്പത്തികമായി വിജയിക്കുക മാത്രമല്ല, അടുത്ത ലിജോ ചിത്രത്തിനായി ആരാധകരെ കൊണ്ട് കാത്തിരിപ്പിക്കുക കൂടി ചെയ്തു. നാലാംചിത്രം ഡബിൾ ബാരൽ, സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ഇംഗ്ലീഷ് ചലച്ചിത്രങ്ങളുടെ സ്പൂഫ് എന്ന നിലയ്ക്കിറങ്ങിയ ചിത്രത്തെ ചിലർ നിശിതമായി വിമർശിച്ചു. എന്നാൽ, മറ്റാരെയും തൃപ്തിപ്പെടുത്താനല്ല താൻ ചിത്രങ്ങളെടുക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പ്രഖ്യാപിച്ചു. അതേക്കുറിച്ച് ലിജോ തന്നെ മുമ്പൊരിക്കൽ ലേഖികയോട് പറഞ്ഞ വാക്കുകളിങ്ങനെയാണ്. 'നമ്മൾ എടുക്കുന്ന എഫേർട്ട് ഫ്രൂട്ട്ഫുൾ ആകാതിരിക്കുമ്പോൾ ഏതൊരാളെപ്പോലെയും ഞാനും വിഷമിക്കാറുണ്ട്. അതുകൊണ്ട് ആ നിരാശയിൽ ഇരിക്കുകയെന്നതല്ലല്ലോ. അടുത്തതിലേക്ക് മൂവ് ചെയ്യുക എന്നതാണ് എന്റെ രീതി. ഹിറ്റ് അല്ലെങ്കിൽ ഫ്ളോപ് ഗെയിം അല്ലല്ലോ സിനിമ. ഒരു വർക്ക് ഒഫ് ആർട്ട് മുന്നോട്ട് വയ്ക്കുമ്പോൾ അത് ഇഷ്ടപ്പെടുന്നവരുണ്ടാകാം, അല്ലാത്തവരുണ്ടാകാം. അതിന്റെ ഒരു ഭാഗമായിട്ടെടുക്കുക എന്നല്ലാതെ അത് ആലോചിച്ചിരുന്നിട്ട് കാര്യമില്ല. സിനിമയെടുക്കുമ്പോൾ ഈ സിനിമ നൂറുദിവസം ഓടുമെന്നോ ഒരു കോടി കളക്ട് ചെയ്യുമെന്നോ നമുക്ക് പ്രവചിക്കാനാവില്ല. സിനിമ എല്ലാക്കാലത്തും ക്രിയേറ്റീവ് ആർട്ട് തന്നെയാണ്. നമ്മൾ വിശ്വസിക്കുന്ന സിനിമ നമ്മൾ ഉണ്ടാക്കുക എന്നത് തന്നെയാണ് ആദ്യപടി. അത് വിജയിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം."
ആ വാക്കുകളോട് നീതി പുലർത്തിയായിരുന്നു അടുത്ത ചിത്രം, അങ്കമാലി ഡയറീസ്. സുഹൃത്തും നടനുമായ ചെമ്പൻ വിനോദിന്റെ തിരക്കഥയെ 86 പുതുമുഖങ്ങളെ അണിനിരത്തിയാണ് ലിജോ അങ്കമാലി ഡയറീസ് ഒരുക്കിയത്. യുവത്വത്തിന്റെ ആഘോഷമായി മാറിയ ചിത്രത്തെ പ്രേക്ഷകരും ഏറ്റെടുത്തു. തൊട്ടടുത്ത വർഷം, ഏവരെയും ഞെട്ടിച്ചു കൊണ്ട് ഈ.മ.യൗ ഇറങ്ങുന്നു. മരണത്തോളം ആഴമുള്ള മറ്റൊരു സത്യമില്ല. ആ സത്യത്തെ പശ്ചാത്തലമാക്കി രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടുകളെ നിശിതമായി വിമർശിക്കുകയായിരുന്നു ലിജോ ഈ.മ.യൗ വിലൂടെ. തൊട്ടു മുന്നത്തെ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി നിശബ്ദത കൊണ്ട് മുറിവേറ്റാണ് ഈ.മ.യൗ കണ്ട പ്രേക്ഷകർ തീയേറ്റർ വിട്ടിറങ്ങിയത്. നിരവധി പുരസ്കാരങ്ങൾ ചിത്രം വാരിക്കൂട്ടി.

തന്റെ ഓരോ ചിത്രവും വ്യത്യസ്തമായിരിക്കുന്നതിനെ കുറിച്ച് ലിജോ പറഞ്ഞതിങ്ങനെ. 'വ്യത്യസ്തത ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്തിട്ടില്ല. എന്നാൽ, ചെയ്ത ഒരു സിനിമ പോലെ അടുത്ത സിനിമ ഇരിക്കരുത് എന്ന നിർബന്ധത്തിലാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. ഇല്ലെങ്കിൽ ഇത് ഒട്ടും ചലഞ്ചിംഗ് ആയി തോന്നില്ല എനിക്ക്. ചെയ്തത് തന്നെ പിന്നെയും പിന്നെയും ചെയ്യുന്നതിൽ ഒരു ക്രിയേറ്റീവ് മെയ്ക്കറെ സംബന്ധിച്ച് ഒട്ടും ചലഞ്ചിംഗ് അല്ലെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് വ്യത്യസ്തത കൊണ്ടുവരുന്നത്. എങ്കിലെ ഞാൻ വർക്ക് ചെയ്തതായി എനിക്ക് തോന്നുകയുള്ളൂ."
മൃഗതൃഷ്ണ  തുറന്നുകാട്ടിയ ജല്ലിക്കട്ട്
മുമ്പ് പറഞ്ഞതുപോലെ കഴിഞ്ഞു പോയ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അടുത്ത ചിത്രം. ഓരോ ചിത്രങ്ങളും കൊണ്ട് മലയാളികളുടെ സിനിമാസ്വാദനത്തിന്റെ നിലവാരം ഉയർത്തിക്കൊണ്ടു വന്ന ലിജോയുടെ ഒടുവിലത്തെ ചിത്രം ജെല്ലിക്കെട്ട് ആയിരുന്നു. മലയാളികൾക്കിടയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ചിത്രം അന്താരാഷ്ട്ര വേദികളിലാണ് ആദ്യം വെളിച്ചം കണ്ടത്. ലോക പ്രശസ്ത സിനിമാ നിരൂപകരുടെ അതിഗംഭീരം എന്ന സർട്ടിഫിക്കറ്റ് നേടിയതിന് ശേഷമാണ് ജല്ലിക്കട്ട് മലയാളികളിലേക്കെത്തിയത്. കയറുപൊട്ടിച്ചോടിയ ഒരു പോത്തിന് പുറകെ കെട്ടുവിട്ടോടുന്ന മനുഷ്യരും അവന്റെ സഹജവാസനകളുമാണ് ലിജോ ജെല്ലിക്കെട്ടിലൂടെ പറഞ്ഞത്. മറ്റു ലിജോ ചിത്രങ്ങളെ പോലെ തന്നെ ഇതും ലിജോയുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു. ഇരുട്ടും ചൂട്ടുവെട്ടവും അതിനുള്ളിൽ മനുഷ്യനും പോത്തും നിറഞ്ഞ അത്ഭുത കാഴ്ചയായിരുന്നു  ജല്ലിക്കട്ട്. അഹങ്കാരം, മോഹം, മോഹഭംഗം, പക ഇവയൊക്കെ ഏറുമ്പോൾ മനുഷ്യനും മൃഗവും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന് പറഞ്ഞുവയ്ക്കുകയാണ് ജല്ലിക്കട്ടിലൂടെ ലിജോ.

പരീക്ഷണചിത്രങ്ങൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന ലിജോയെ മറ്റു സിനിമകൾ സ്വാധീനിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കൽ ലിജോ പറഞ്ഞ മറുപടിയിങ്ങനെ : 'ഒരു സിനിമ കാണുമ്പോൾ ആ സിനിമ ആസ്വദിക്കുകയാണ് ചെയ്യാറ്. എങ്കിലും നിരവധി സിനിമകൾ ഇൻഫ്ളുവൻസ് ചെയ്യാറുണ്ട്. സംവിധായകരുടെ സ്റ്റൈൽ, അവരുടെ മേക്കിംഗ് രീതിയൊക്കെ നമ്മൾ അറിയാതെ നമ്മുടെ മനസ്സിലേക്ക് കയറാറുണ്ട്. അതൊരിക്കലും മാറ്റി നിർത്താനാവില്ല. തീർച്ചയായും സിനിമകളും പുസ്തകങ്ങളും കവിതകളുമൊക്കെയാണ് നമ്മെ ഇൻഫ്ളുവൻസ് ചെയ്യുന്നത്. അതിൽ ഏതാണ് ഇഷ്ടം, ഏത് ഇഷ്ടമില്ല എന്നുള്ളത് തീരുമാനിക്കണമെന്ന് മാത്രം."തന്റെ ചിത്രം ഓസ്കാർ പുരസ്കാരം സ്വന്തമാക്കുമോ ഇല്ലയോ എന്നുള്ള ആകുലതകളൊന്നുമില്ലാതെ ലിജോ ചുരുളിയെന്ന അടുത്ത ചിത്രവും പൂർത്തിയാക്കി. െഎ.എഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിൽ ചുരുളി തിരഞ്ഞെ ടുക്കപ്പെട്ടിട്ടുണ്ട്. ഓരോ തവണയും തങ്ങളെ വിസ്മയിപ്പിക്കുന്ന ലിജോ ഇത്തവണ എന്ത് അത്ഭുതമാണ് കാത്തുവച്ചിരിക്കുന്നതെന്ന് ട്രെയിലർ കണ്ടത് മുതൽ ഉറ്റുനോക്കുകയാണ് പ്രേക്ഷകരും.
Editor's Choice
കേരളത്തിന്റെ  ഓസ്കാർ
വി.എസ്. രാജേഷ്
ലിജോ ജോസ് പെല്ലിശേരിയെ ആദ്യമായി കാണുന്നത് നായകൻ എന്ന ചിത്രത്തിന്റെ റിലീസിംഗിന് മുന്നോടിയായി അദ്ദേഹം കേരളകൗമുദിയിൽ വന്നപ്പോഴാണ്.സിനിമയെക്കുറിച്ച് അന്ന് ലിജോ വലിയ പ്രതീക്ഷയോടെ സംസാരിച്ചു.നായകൻ എന്ന ആദ്യചിത്രത്തിന്റെ മേക്കിംഗ് കണ്ടപ്പോഴെ മലയാള സിനിമയുടെ വലിയ വാഗ്ദാനമായി ഈ സംവിധായകൻ മാറുമെന്ന് തോന്നാതിരുന്നില്ല.സിറ്റി ഓഫ് ഗോഡിലും സംവിധായകന്റെ പ്രതിഭ പ്രകടമായിരുന്നു.
ആമേൻ എന്ന ചിത്രം വന്നപ്പോൾ ആർക്കും അവഗണിക്കാനാവാത്ത സംവിധായകൻ എന്ന് ഉറപ്പിച്ചു.ആമേനിൽ ലിജോ കാഴ്ചവെച്ച ഗ്രാമത്തിന്റെ വൈബ്രന്റായ അന്തരീക്ഷം അത്യപൂർവ്വമായിരുന്നു. കെ.ജി.ജോർജിന്റെ കോലങ്ങൾ പോലെ വീണ്ടും വീണ്ടും കണ്ടാലും മതിവരാത്ത ചിത്രമായിരുന്നു ആമേൻ.
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഇഫിയിൽ വർഷങ്ങളായി പോവാറുണ്ട്.അടൂർ,അരവിന്ദൻ,ഷാജി ,കെ.ജി.ജോർജ്, ജയരാജ് ,ടി.വി.ചന്ദ്രൻ ഇങ്ങനെയുള്ള പേരുകൾ മറുനാട്ടിൽ നിന്ന് വരുന്ന ചലച്ചിത്ര കുതുകികൾക്ക് താത്പ്പര്യമാണ്.അവിടേക്ക്, ആ നിരയിലേക്ക് മലയാള സിനിമയുടെ അഭിമാനമായി ലിജോ ജോസ് പെല്ലിശേരി എന്ന പേര് വന്നിരിക്കുന്നു.ലിജോയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഈ.മ.യൗ ,ജല്ലിക്കട്ട് എന്നീ ചിത്രങ്ങൾ തുടർച്ചയായ രണ്ടുവട്ടം ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തു.ഒരു സിനിമയെടുത്താൽ അതിന്റെ മേൽ അടയിരിക്കാതെ പ്രേക്ഷകർക്കു വിട്ടുകൊടുക്കുന്നയാളാണ് ലിജോ.തനിക്ക് പറയാനുള്ളതൊക്കെ അദ്ദേഹം സിനിമയിലൂടെ പറയുന്നു.ഇഫിയിൽ ഒൗദ്യോഗിക പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ കൊതിക്കാത്ത ചലച്ചിത്ര പ്രവർത്തകർ ഇല്ല.ലിജോ കഴിഞ്ഞ ഇഫിയിൽ പത്രസമ്മേളനത്തിനു പോലും വന്നിരുന്നില്ല. സിനിമയുടെ ദൃശ്യഭാഷയാണ് ലിജോയുടെ ശക്തി.അതിലൂടെ അദ്ദേഹം സംവദിച്ചുകൊണ്ടേയിരിക്കുന്നു. ജല്ലിക്കട്ട് ഓസ്ക്കാറിൽ മുത്തമിടട്ടെ. ലോകസിനിമയ്ക്കു മുന്നിൽ അവതരിപ്പിക്കാൻ ഇതാ മലയാളത്തിന്റെ പുതിയ സംവിധായകൻ.ലിജോ ജോസ് പെല്ലിശേരി.അഭിനന്ദനങ്ങൾ ലിജോ.