
തിരുവനന്തപുരം: വസ്‌തുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിച്ചു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കളക്ടർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം സംസ്‌കരിക്കാൻ നാട്ടുകാർ സമ്മതിച്ചത്. നേരത്തെ അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞിരുന്നു. വീടിന് നൂറ് മീറ്റർ ദൂരെ വെച്ചാണ് ആംബുലൻസ് തടഞ്ഞത്. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ.
തുടർന്ന്, നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, സ്ഥലം ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്കെതിരെ നടപടി എടുക്കുമെന്നും കളക്‌ടർ പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു. കളക്ടറുടെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നുവെന്നും അച്ഛന് സമീപം അമ്മയേയും സംസ്‌കരിക്കണമെന്നും രാജന്റെയും അമ്പിളിയുടെയും മക്കൾ അറിയിച്ചു.
നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെപോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട്‌കോളനിയിൽ രാജൻ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയൽവാസിയായ വസന്തയാണ് നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ്‌കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജൻ ഞായറാഴ്‌ച രാത്രിയും അമ്പിളി തിങ്കളാഴ്‌ച രാത്രിയുമാണ് മരിച്ചത്.
വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വസന്തയുടെ വീടിന് മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് ക്രമസമാധാനനില കണക്കിലെടുത്ത് വസന്തയെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.