
പെട്രിൻജ: മധ്യ ക്രൊയേഷ്യയിലെ പെട്രിൻജയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. 12 വയസുള്ള കുട്ടി മരിച്ചതായി റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രഭവ കേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ക്രൊയേഷ്യൻ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സെർബിയ, ബോസ്നിയ എന്നീ അയൽ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. സമീപരാജ്യമായ സ്ലൊവേനിയ അണവ നിലയം അടച്ചുപൂട്ടി. 20,000 പേർ താമസിക്കുന്ന പെട്രിൻജ പട്ടണത്തിൽ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. പ്രദേശത്ത് വാർത്താവിനിമയ ബന്ധവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാ പ്രവർത്തനം നടന്നു വരികയാണ്.