
ചങ്ങാതിമാരായ അനശ്വര രാജനും അനിഖ സുരേന്ദ്രനും ദേവിക സഞ്ജയയും കണ്ടുമുട്ടിയപ്പോൾ
വണ്ണാത്തിപ്പുഴയുടെ തീരത്താണ് യമുനാതീരം. പുഴയുടെയും പുഞ്ചപ്പാടങ്ങളുടെയും അരികിലായി പ്രകൃതി അനുഗ്രഹിച്ച് നൽകിയ യമുനാ തീരം എന്ന നക്ഷത്ര റിസോർട്ട് മലയാളത്തിലെ ആദ്യകാല ഗദ്യസാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തറവാട് നിലനിന്നിരുന്നിടത്താണ് സ്ഥിതി ചെയ്യു ന്നത്. തറവാട്ടിന്റെ എടുപ്പുകളിൽ പലതും പഴയ കുളത്തിനൊപ്പം സംരക്ഷിച്ചിട്ടുണ്ട് പുതിയ അവകാശികൾ.
''എന്ത് ഭംഗിയല്ലേ.."" പ്രകൃതിയുടെ പവിഴക്കാഴ്ചകളിൽ മനം നിറഞ്ഞ് സുന്ദരിക്കുട്ടികൾ മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു.തണ്ണീർമത്തൻദിനങ്ങളിലൂടെ താരമായ അനശ്വര രാജനും ദ ഗ്രേറ്റ് ഫാദറിലും ഭാസ്കർ ദ റാസ്കലിലും മിന്നിത്തിളങ്ങിയ അനിഖ സുരേന്ദ്രനും ഞാൻ പ്രകാശനിലൂടെ വന്ന ദേവിക സഞ്ജയയും. അടുത്ത കാലത്താണ് മൂന്നുപേരും ഉറ്റ സുഹൃത്തുക്കളായത്. പരസ്പരം കാണുന്നത് ആദ്യമായും.
അനശ്വരയും അനിഖയും ദേവികയും ഒന്നിച്ചുള്ള ഫോട്ടോ ഷൂട്ടിന് വേദിയായി യമുനാതീരം തിരഞ്ഞെടുത്തത് ഫോട്ടോഗ്രാഫറായ ശരത് ആലിൻതറയാണ്.
പുഞ്ചപ്പാടങ്ങളിൽ നിന്ന് വീശിയടിക്കുന്ന കാറ്റത്ത് കാറ്റ് പിടിച്ച പോലെ നിൽക്കുകയാണ് സുന്ദരിക്കുട്ടികൾ.
''പിരിയിളകിയ പോലെയാ..."" അനിഖയെയും ദേവികയെയും നോക്കി പൊട്ടിച്ചിരിയോടെ അനശ്വര പറഞ്ഞു.
''സെയിം ഹിയർ..."" അനിഖയും ദേവികയും ആ ചിരിയ്ക്കൊപ്പം ചേർന്നു.മഞ്ചേരിയിലാണ് അനിഖയുടെ വീട്. ദേവികയുടേത് കോഴിക്കോട് കൊയിലാണ്ടിയിൽ. അനശ്വരയുടേത് കണ്ണൂർ കരിവെള്ളൂരിൽ.
''മഞ്ചേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മൂന്ന് മണിക്കൂർ, കൊയിലാണ്ടിയിൽ നിന്ന് കരിവെള്ളൂരിലേക്ക് മൂന്ന് മണിക്കൂർ. നമ്മൾ തമ്മിൽ മൂന്ന് മണിക്കൂറിന്റെ ദൂരമേയുള്ളൂ അല്ലേ? ദേവികയുടെ ചോദ്യം കേട്ട് അത് ശരിയാണല്ലോയെന്ന അതിശയത്തോടെ അനശ്വരയും അനിഖയും പരസ്പരം നോക്കി. ''ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് കാണുന്നത് ആദ്യമായാണെങ്കിലും മുൻപ് ഒരുപാട് തവണ കണ്ടത് പോലെയാ തോന്നുന്നേ.." അനിഖയെയും ദേവികയെയും ചേർത്ത് പിടിച്ച് അനശ്വര പറഞ്ഞു.
''ഞാൻ പ്രകാശൻ റിലീസായ സമയത്ത് എന്നെ അഭിനന്ദിച്ചുകൊണ്ട് അനശ്വര ഒരു മെസേജ് അയച്ചിരുന്നു. അങ്ങനെയാ ഞങ്ങൾ ഫ്രണ്ട്സായേ. ""ദേവിക പറഞ്ഞു.
''മെസേജുകളയച്ചായിരുന്നു തുടക്കം. പിന്നീട് ഫോൺ വിളിക്കാൻ തുടങ്ങി. സംസാരിക്കാൻ തുടങ്ങിയാൽപ്പിന്നെ ഞങ്ങൾ നിറുത്തില്ല. കൂടുതലും സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങളാ ഞങ്ങൾ സംസാരിക്കുക.""
അനശ്വര പറഞ്ഞ് തീരും മുൻപേ ഇടയ്ക്ക് കയറി അനിഖ പറഞ്ഞു: ''ഞങ്ങൾ കൂട്ടായ ശേഷം ഞങ്ങളുടെ ആരുടെയും സിനിമ റിലീസായിട്ടില്ല.""
''എനിക്കും അനശ്വരയ്ക്കും ഹൊറർ സിനിമകൾ വലിയ ഇഷ്ടമാ... കാണുമ്പോൾ പേടിക്കുകയും ചെയ്യും. എന്നാൽ കാണാൻ ഇഷ്ടവുമാണ്." അനശ്വരയെ നോക്കി ദേവിക പറഞ്ഞു.
''എനിക്കാണെങ്കിൽ ഹൊറർ എന്ന് കേൾക്കുമ്പോഴേ പേടിയാ... ഞാൻ ഹൊറർ സിനിമകൾ കാണാറേയില്ല.." അനിഖയുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നു.
''നെറ്റ് ഫ്ളിക്സിലെ ഹൊറർ സീരിസായ ഡാർക്കാണ് ഞങ്ങളുടെ ഫേവറിറ്റ്."" അനശ്വരയും ദേവികയും അനിഖയോട് ഡാർക്കിന്റെ കഥ പറഞ്ഞ് കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ അനിഖ ചെവി പൊത്തി:
''എനിക്ക് കേൾക്കണ്ട.""

സൗത്ത് കൊറിയൻ ബോയ് ബാന്റായ ബി.ടി.എസ്സിന്റെ ആരാധികമാരാണ് അനശ്വരയും ദേവികയും.
''ദ മോസ്റ്റ് ബ്യൂട്ടിഫുൾ മൊമന്റ് ഇൻ ലൈഫ്, ഡാർക്ക് ആൻഡ് വൈൽഡ്, യു നെവർ വാക്ക് എ ലോൺ, ലവ് യുവർ സെൽഫ്, വേക്കപ്പ്, വീ..''. ബി.ടി. എസിന്റെ ഫേവറിറ്റ് ആൽബങ്ങളുടെ പേരുകൾ അനശ്വരയും ദേവികയും എണ്ണിയെണ്ണി പറയുന്നത് കേട്ടിരിക്കുകയാണ് അനിഖ.
''എന്റെയും ദേവൂന്റേം പാട്ടിലെ ടേസ്റ്റ് ഏതാണ്ടൊരു പോലെയാ..." അനിഖ പറഞ്ഞു.''നമ്മൾ തമ്മിൽ ആദ്യം കണ്ടത് ഓർമ്മയുണ്ടാ?" ദേവികയുടെ ചോദ്യം അനിഖയോടായിരുന്നു.
''ഒരു കൊല്ലം മുൻപല്ലേ! ആ ചാനൽ പ്രോഗ്രാമിന്റെ ഷൂട്ടിന് ?" അനിഖയുടെ മറുചോദ്യത്തിന് മറുപടിയായി ദേവിക' അതെ" എന്ന അർത്ഥത്തിൽ തലയാട്ടി.
''എന്തായി തെലുങ്ക് പഠിത്തം" ദേവികയുടെ ചോദ്യം കേട്ട് അനശ്വരയ്ക്ക് ചിരി പൊട്ടി.''പഠിക്കാൻ തുടങ്ങി."
തെലുങ്കിലെ മുൻനിര ബാനറായ ദിൽരാജു പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അനശ്വര.
അനിഖയ്ക്ക് തെലുങ്കിലും തമിഴിലും ഓരോ പ്രോജക്ടുകളുണ്ട്. മലയാളത്തിൽ പുതിയ പ്രോജക്ടുകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
''മലയാളത്തിൽ ഒരു സ്ട്രോങ് കാരക്ടറിന് വേണ്ടി കാത്തിരിക്കുകയാണ്." അനിഖ പറഞ്ഞു.
തന്നെ താരമാക്കിയ തണ്ണീർ മത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യയാണ് മലയാളത്തിൽ അനശ്വരയുടെ അടുത്ത പ്രോജക്ട്. തമിഴിൽ തൃഷയോടൊപ്പമഭിനയിച്ച റാങ്കി റിലീസാകുന്നുണ്ട്.
'എനിക്ക് ഒരുപാട് സിനിമകൾ ചെയ്യണമെന്നൊന്നുമില്ല. ചെയ്യുമ്പോൾ നല്ലത് ചെയ്യണം. ചില ഓഫറുകൾ വന്നപ്പോൾ എക്സാമിന്റെ സമയമായി. സത്യൻ അന്തിക്കാട് സാറിന്റെ തന്നെ സിനിമയിലാണ് ഇനി ഞാനഭിനയിക്കുന്നത്." ദേവിക പറഞ്ഞു.വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ദേവിക ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ''ഒരേ പോലെയുള്ള കഥാപാത്രങ്ങൾ വേണ്ട. എപ്പോഴും ഒരേപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ എനിക്ക് പറ്റൂല"
''ദേവൂ.. നീയെനിക്ക് റെക്കമെന്റ് ചെയ്ത ആ ഫ്രഞ്ച് സിനിമയുടെ പേരെന്താ."
അനശ്വര ചോദിച്ച് തീരും മുൻപേ ദേവിക പറഞ്ഞു: 'പോട്രെയിറ്റ് ഒഫ് എ ലേഡി ഓൺ ഫയർ."
''അതെ. അത് തന്നെ നല്ല സിനിമയായിരുന്നു." അനശ്വര പറഞ്ഞു.
''എന്താ ആ സിനിമയുടെ കഥ?"" അനിഖ ചോദിച്ചു.''2019ൽ റിലീസ് ചെയ്ത സിനിമയാ... പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് പശ്ചാത്തലം. ലെസ്ബിയനിസമൊക്കെ ചർച്ച ചെയ്യുന്ന സിനിമയാ..."" ദേവിക വിശദീകരിച്ചു. ''കാൻ ഫെസ്റ്റിവലിൽ അവാർഡൊക്കെ കിട്ടിയ സിനിമയാ."" അനശ്വര കൂട്ടിച്ചേർത്തു.
അനശ്വരയും ദേവികയും പ്ളസ് ടുവിനാണ് പഠിക്കുന്നത്. അനിഖ പ്ളസ് വണ്ണിനും.ഈ ഫോട്ടോ ഷൂട്ട് അടിപൊളിയായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് പിരിയാൻ നേരം അനിഖ പറഞ്ഞു. ''ശരിയാ. ഒരു ദിവസം പോയതേ അറിഞ്ഞില്ല. " അനശ്വര പറഞ്ഞു.
''പെട്ടെന്ന് കഴിഞ്ഞു പോയപോലെ" ദേവികയുടെ മുഖം വാടി. അനശ്വരയും അനിഖയും ദേവികയെ ചേർത്ത് പിടിച്ചു.
''വിളിക്കാം...""
''ടെക്സ്റ്റ് ചെയ്യാം""
''ക്യാച്ച് യൂ ലേറ്റർ""