
മലപ്പുറം: നിലമ്പൂർ വനത്തിനുളളിൽ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു. മണ്ണള കോളനിയിലെ മോഹനന്റെ ഭാര്യ നിഷയും മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട യുവതി വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
ശനിയാഴ്ചയാണ് അധികൃതർ വിവരമറിയുന്നത്. തുടർന്ന് മെഡിക്കൽ ഓഫീസറും സംഘവും കോളനിയിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും, പാൽപ്പൊടിയും അനുബന്ധ സഹായങ്ങളും നൽകി മടങ്ങിപ്പോരുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ്ധൻ കുഞ്ഞിനെ പരിശോധിച്ചിരുന്നു. അന്ന് രാത്രിയാണ് കുട്ടി മരിച്ചത്.
കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്നിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്.വനത്തിനുള്ളിൽവച്ച് തന്നെയാണ് മറ്റ് രണ്ട് കുട്ടികൾക്കും യുവതി ജന്മം നൽകിയത്. ആശുപത്രിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതിനാലാണ് പ്രസവം വനത്തിനുള്ളിലാക്കിയതെന്ന് കുടുംബം പറഞ്ഞു.