covid-19

ന്യൂഡൽഹി: ഇന്ത്യയിൽ ജനിതക മാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രണ്ട് വയസുകാരി ഉൾപ്പടെ ബ്രിട്ടനിൽ നിന്നെത്തിയ 14 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഇരുപതായി ഉയർന്നു.

ഉത്തർപ്രദേശിലെ മീററ്റിലുള്ള രണ്ടു വയസുകാരിക്കാണ് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് പുതിയ വകഭേദമല്ല.കുട്ടിയേയും മാതാപിതാക്കളെയും മീററ്റിലെ സുഭാരതി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ആറ് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.കർണാടകത്തിൽ മൂന്നു പേർക്കും ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒരോരുത്തർക്കുമാണ് പുതിയ വൈറസ് ബാധിച്ചത്. നവംബർ 25 മുതൽ ഡിസംബർ 23 വരെ ബ്രിട്ടനിൽ നിന്ന് 33,​000 പേരാണ് ഇന്ത്യയിലെത്തിയത്. ഇവരിൽ 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ രാജ്യത്തെ പത്ത് ലാബുകളിലാണ് ജനിതക പരിശോധന നടത്തിയത്.

അതേസമയം കേരളത്തിലും അതീവ ജാഗ്രത നിർ‌ദേശമാണ് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർ‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ജനിതക മാറ്റം വന്ന കൊവിഡ് ആണോയെന്ന് പരിശോധിക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.