neyyatinkara-incident

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ കളക്ടർ വ്യക്തമാക്കും.

അതോടൊപ്പം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ റൂറൽ എസ്.പിയുടെ റിപ്പോർട്ടും ഇന്നുണ്ടായേക്കും. അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകണമെന്ന് എസ്.പിയ്ക്ക് കഴിഞ്ഞ ദിവസം ഡി.ജി.പി നിർദേശം നൽകിയിരുന്നു.

നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി നൽകിയ പരാതിയെത്തുടർന്ന് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഇത് നടപ്പാക്കാൻ അധികൃതർ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.