lottery-

ചേർത്തല: അമ്മയെടുത്ത ലോട്ടറി ടിക്കറ്റിന് ലഭിച്ച 500 രൂപ സമ്മാനത്തുക വാങ്ങാൻ ലോട്ടറി സ്റ്റാളിലെത്തിയ മകൻ, പണത്തിനു പകരമെടുത്ത ടിക്കറ്റിനു കൈവന്നത് 75 ലക്ഷത്തിന്റെ ഭാഗ്യം. സംസ്ഥാന സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് നഗരസഭ മൂന്നാം വാർഡിൽ കൊച്ചുചിറയിൽ എം.വിജിമോനെ (46) തേടിയെത്തിയത്. ഞായറാഴ്ച നറുക്കെടുത്ത വിൻവിൻ ഡബ്ല്യു.ജെ 693433 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം.

കാരുണ്യ ലോട്ടറിയെടുത്ത അമ്മ പത്മവല്ലിക്ക് 500 രൂപ അടിച്ചിരുന്നു. ടിക്കറ്റ് പണമാക്കി മാറ്റാനാണ് പത്മവല്ലി മകനെ ഏൽപിച്ചത്.വടക്കേഅങ്ങാടി കവലയിലുള്ള അക്ഷയ ലക്കി സെന്ററിലെത്തിയപ്പോൾ സമ്മാനത്തുക നൽകാൻ അവിടെ പണമില്ലായിരുന്നു. പകരമായി 40 രൂപയുടെ മൂന്നു വിൻവിൻ ലോട്ടറിയെടുത്താണ് വിജിമോൻ മടങ്ങിയത്. വൈകിട്ട് ബാക്കിത്തുക വാങ്ങാനെത്തിയപ്പോഴാണറിയുന്നത് രാവിലെ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനമെന്ന്! എടുത്ത മറ്റുരണ്ടു ടിക്കറ്റുകൾക്ക് 8000 വീതം രണ്ടു സമാശ്വാസ സമ്മാനങ്ങളും.

സമ്മാനാർഹമായ ടിക്കറ്റ് ചേർത്തല അർബൻ ബാങ്കിൽ ഏൽപ്പിച്ചു. പത്മവല്ലിയുടെ ഭർത്താവ് മോഹനൻ ഒന്നര വർഷം മുമ്പാണ് മരിച്ചത്. വയലാർ പാലത്തിന് സമീപം ചെറിയ കട നടത്തുകയായിരുന്നു. അവിടെ ലോട്ടറിക്കാരെത്തുമ്പോൾ ടിക്കറ്റ് എടുക്കുന്നത് പതിവാണ്. കുമ്പളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് വിജിമോൻ. ഭാര്യ: നിഷ. മക്കൾ: നയന, നന്ദു