
ന്യൂഡൽഹി: കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുളള ഏഴാംഘട്ട ചർച്ച ഇന്ന് നടക്കും. വിജ്ഞാൻ ഭവനിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ചർച്ച നിശ്‌ചയിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും റെയിൽവേ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും.
സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുജന പിന്തുണ കർഷകർക്ക് കരുത്ത് പകരുകയാണ്. സമരം ചെയ്യുന്ന കർഷകർക്കായി ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിക്രിയിൽ കർഷകർക്കായി മിനി സൂപ്പർ മാർക്കറ്റ് തുറന്നു.
പ്രക്ഷോഭം മുപ്പത്തിയഞ്ചാം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിൽ സംയുക്ത സമരസമിതി ഉറച്ചുനിൽക്കുകയാണ്. എന്നാൽ, നിയമങ്ങൾ പൂർണമായി പിൻവലിക്കാനാവില്ലെന്നും ഭേദഗതികളിന്മേൽ ചർച്ചയാകാമെന്നുമുളള നിലപാടിലാണ് കേന്ദ്രം. ഈ പശ്ചാത്തലത്തിലാണ് ഏഴാംഘട്ട ചർച്ച ഇന്ന് നടക്കുന്നത്. കർഷകരെ ഒത്തുതീർപ്പിന്റെ പാതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുറേക്കൂടി ദേദഗതികൾ കേന്ദ്രം മുന്നോട്ടുവച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, കർഷകർക്കെതിരെ നക്‌സർ പരാമർശം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് തളളി. സമരം ചെയ്യുന്ന കർഷകർ നക്‌സലുകളെന്ന് ആരും ആരോപിച്ചിട്ടില്ല. കർഷകർ ഖാലിസ്ഥാൻ വാദികളെന്ന അഭിപ്രായവുമില്ല. കർഷകരോട് സർക്കാരിന് ബഹുമാനം മാത്രമാണെന്നും കർഷകർ രാജ്യത്തിന്റെ അന്നദാതാക്കളാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.