
ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ ആർക്കായിരിക്കുമെന്ന ചർച്ചകൾ തമിഴ്‌നാട്ടിൽ സജീവമാണ്. രജനികാന്ത് പരോക്ഷമായി ബി ജെ പിയെ പിന്തുണയ്‌ക്കുമെന്ന് വ്യക്തമാക്കി ആർ എസ് എസ് നേതാവ് ഗുരുമൂർത്തി രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ നിർണായക രാഷ്ട്രീയ പ്രസ്‌താവനകൾ താരം നടത്തുമെന്നും ഗുരുമൂർത്തി പറയുന്നു. ഈ പ്രസ്‌താവനകൾ എൻ ഡി എക്ക് ഗുണം ചെയ്യുന്നതാകുമെന്നും ഗുരുമൂർത്തി വ്യക്തമാക്കി.
രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കും. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും രജനിയുടെ നിലപാടിന് പ്രധാന്യമുണ്ടെന്നും ഗുരുമൂർത്തി പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചില്ലെങ്കിലും ഏതെങ്കിലും പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ രജനി പിന്തുണ പ്രഖ്യാപിക്കാനുളള സാദ്ധ്യത കൂടുതലാണ്. രാഷ്ട്രീയത്തിലേക്ക് ഇല്ലെങ്കിലും ജനസേവനം തുടരുമെന്നും സത്യം വിളിച്ചു പറയുമെന്നും രജനി പറയുന്നുണ്ട്. ഭൂരിപക്ഷം ജില്ലകളിലും ബൂത്തു തലത്തിൽവരെ കമ്മിറ്റിയുളള മക്കൾ മൻട്രത്തിലൂടെ രാഷ്ട്രീയ സന്ദേശം ജനങ്ങൾതക്കിടയിലേക്ക് എത്തിക്കാൻ രജനിക്ക് ആകും.
സംസ്ഥാന സർക്കാരിന്റെ മികച്ച പ്രവർത്തനം മനസിലാക്കി ഭാവിയിൽ രജനി തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് എ ഐ എ ഡി എം കെയുടെ പ്രതികരണം. എ ഐ എ ഡി എം കെയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബി ജെ പിക്ക് രജനിയുടെ പിന്തുണ ലഭിക്കാനുളള സാദ്ധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എ ഐ എ ഡി എം കെ സർക്കാരിന്റെ ഭരണത്തെ എതിർത്താണ് രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്.
നേരിട്ടല്ലെങ്കിലും ഡി എം കെ ഭരണത്തെയും എതിർത്തിരുന്നതിനാൽ അവർക്കും പിന്തുണ നൽകാൻ സാദ്ധ്യതകുറവാണ്. ഇതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കമലഹാസനെ പിന്തുണയ്‌ക്കാനുളള സാദ്ധ്യത ഏറുകയാണ്. രജനി പാർട്ടി ആരംഭിച്ചാൽ സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് കമൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചെന്നൈയിലേക്ക് മടങ്ങിയെത്തുന്ന കമൽ ഉടൻ രജനികാന്തിനെ കണ്ടേക്കുമെന്നും അഭ്യൂഹമുണ്ട്. രജനിയുമായുളള കൂടിക്കാഴ്‌ചയിൽ കമൽ പിന്തുണ തേടുമെന്നാണ് കരുതപ്പെടുന്നത്. രജനീകാന്ത് രാഷ്ട്രീയപ്രവേശം വേണ്ടെന്നുെവച്ചാൽ പിന്തുണ തേടുമോയെന്ന് മുമ്പ് ചോദിച്ചപ്പോൾ തമിഴ്‌നാട്ടിലെ നല്ലവരായ എല്ലാവരുടെയും പിന്തുണ തേടുന്ന താൻ എന്തുകൊണ്ട് ഉറ്റസുഹൃത്തിനെ മാത്രം ഒഴിവാക്കണമെന്നായിരുന്നു കമലിന്റെ മറുപടി.
രജനികാന്ത് പാർട്ടിയുണ്ടാക്കിയാൽ സഖ്യം അല്ലെങ്കിൽ പിന്തുണ എന്ന നിലപാടായിരുന്നു കമലഹാസൻ സ്വീകരിച്ചിരുന്നത്. കമലിന്റെ രാഷ്ട്രീയപ്രവേശത്തെ മുമ്പ് സ്വാഗതം ചെയ്‌ത രജനികാന്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ പ്രകടനത്തെ പുകഴ്‌ത്തിയിരുന്നു.