chottanikkara

കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ക് വ്യവസായിയുടെ 726 കോടിരൂപയുടെ സമർപ്പണം ഏറ്റെടുക്കുന്നത് വൈകിയത് വിവാദമായതോടെ സർക്കാർ അടിയന്തര യോഗം വിളിച്ചു. ഇന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിലെത്തി കൊച്ചിൻ ദേവസ്വം ബോർഡിനോട് നേരിട്ട് വിശദീകരണം തേടിയിരിക്കുകയാണ് ഇപ്പോൾ. ഇന്ന് രാവിലെയോടെയാണ് വ്യവസായി ഗണശ്രാവണുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ചനടത്തിയത്

726 കോടിയുടെ സമർപ്പണം പ്രഖ്യാപിച്ച വ്യവസായി ഗണശ്രാവൺ തന്റെ ആഗ്രഹം വൈകുന്നുവെന്ന് മന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിച്ചിരുന്നു. ഇതോടെയാണ് സർക്കാരിന്റെ ദ്രുതനീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലുള്ളപ്പോഴാണ് യോഗം. ഗണശ്രാവൺ ഒരു വർഷം മുമ്പ് സമർപ്പണം നടത്താൻ ദേവസ്വം ബോർഡിനോട് അനുമതി തേടിയെങ്കിലും അധികൃതർ അലംഭാവം കാട്ടി. പിന്നീട് 200 കോടി രൂപയുടെ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു.

chottanikkara

കൊച്ചിൻ ദേവസ്വം ബോർഡ് ചീഫ് കമ്മിഷണർ, സ്‌പെഷ്യൽ കമ്മിഷണർ, സെക്രട്ടറി തുടങ്ങിയവരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ അലംഭാവും കാട്ടുന്നതായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പരാതിയും ഉയർന്നിരുന്നു. ഒരു നൂറ്റാണ്ടിനിടെ രാജ്യത്തെ ഒരു ആരാധനാലയത്തിലും ഇത്രയും ഉയർന്ന തുകയുടെ സമർപ്പണം ഒരു വ്യക്തി നടത്തിയിട്ടില്ല.

പദ്ധതിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി തേടുമെന്ന് ഒരു മാസം മുമ്പ് കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ചോറ്റാനിക്കരയെ ക്ഷേത്രനഗരിയാക്കാനായിരുന്നു ഗണശ്രാവണിന്റെ പദ്ധതി.

ജീവിതം മാറ്റിമറിച്ചത് ചോറ്റാനിക്കരയമ്മ

പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മയെന്നാണ് ഗണശ്രാവൺ സാക്ഷ്യപ്പെടുത്തുന്നത്. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാർത്ഥ്യമാക്കാൻ 726 കോടി രൂപ സമർപ്പിക്കാൻ സ്വർണ വ്യാപാരിയും ബംഗളൂരു സ്വദേശിയായ ഗണശ്രാവൺ തീരുമാനിച്ചത് കേരളകൗമുദിയിലൂടെയാണ് നാടറിഞ്ഞത്.

സാമ്പത്തിക തകർച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നിൽക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയിൽ അഭയം തേടിയത്. ഏതാനും വർഷം കൊണ്ട് ബിസിനസ് വാനോളം ഉയർന്നു. പാവപ്പെട്ട പൂജാരി കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. സംഗീതപ്രേമം കാരണം മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്‌ളോമ പൂർത്തിയാക്കാനായില്ല.1995 മുതൽ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വർണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയിൽ പോകാൻ പറഞ്ഞത്. അന്നു മുതൽ എല്ലാ പൗർണമിക്കും അമാവാസിക്കും മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്' 46കാരനായ ഗണശ്രാവൺ.

ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവൺ. ഇന്ത്യയിലെ പ്രമുഖ സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ക്ഷേത്രപദ്ധതി എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം.

' എല്ലാ ഐശ്യര്യങ്ങൾക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്പാടുംനിന്ന് ഇവിടേക്ക് ഭക്തർ എത്തിച്ചേരും. അതിനുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഒരു വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ദേവസ്വം അധികൃതരുമായി ചർച്ച നടത്തുന്നു. ചില സ്വാർത്ഥ താത്പര്യക്കാർ തടസങ്ങൾ സൃഷ്ടിച്ചു. ഹൈക്കോടതി അനുമതി കിട്ടിയാലുടൻ പണികൾ ആരംഭിക്കുമെന്ന് ഗണശ്രാവൺ നേരത്തെ വ്യക്തമാക്കിയിരുന്നു.

അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും
സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചോറ്റാനിക്കര പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും. ഇതിനായി 200 കോടി രൂപ ഹൈക്കോടതിയുടെ അനുമതി കിട്ടുന്ന മുറയ്ക്ക് പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കും. തുക പിൻവലിക്കാൻ ദേവസ്വം ബോർഡിന്റെ അനുമതി വേണ്ട രീതിയിലാവും അക്കൗണ്ട്. കമ്പനി നേരിട്ടാണ് നിർമ്മാണം നിർവഹിക്കുകയെന്ന് ആർക്കിടെക്ട് ബി.ആർ.അജിത്ത് പ്രതികരിച്ചു.