children

തിരുവനന്തപുരം: നെയ്യാ‌റ്റിൻകരയിൽ കുടിയൊഴിപ്പിക്കാനെത്തിയ പൊലീസിനു മുന്നിൽ ആത്മഹത്യാശ്രമം നടത്തവെ പൊള‌ളലേ‌റ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ കളക്‌ടർക്ക് പരാതി നൽകി. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടുമാണ് പരാതി. രാജന്റെ മക്കളായ രാഹുൽ രാജും, രഞ്ജിത്ത് രാജും പരാതി നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് ജില്ലാ കളക്‌ടർ സർക്കാരിന് ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ പുനരധിവാസത്തിനും വേണ്ട നടപടികളുടെ പ്രാഥമിക വിവരം റിപ്പോർട്ടിലുണ്ടാകും.

അതേസമയം കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആത്മഹത്യ ചെയ്‌തതിനും രാജനെതിരെ നെയ്യാ‌റ്റിൻകര പൊലീസ് കേസെടുത്തു. അഭിഭാഷക കമ്മീഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോലി തടസപ്പെടുത്തിയതിന് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്‌തതിന് സ്വമേധയാ പൊലീസ് കേസുമെടുത്തു. സംഭവത്തിൽ പൊലീസിന്റെ വീഴ്‌ച അന്വേഷിക്കുന്ന തിരുവനന്തപുരം റൂറൽ എസ്.പി ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും.

കുട്ടികളെ ഇന്ന് രാവിലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നെയ്യാ‌റ്റിൻകരയിലെ വീട്ടിൽ സന്ദർശിച്ചു. കുടുംബത്തെ കുടിയൊഴിപ്പിക്കാൻ പൊലീസ് തിടുക്കം കാട്ടിയെന്നും സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കുട്ടികൾക്ക് വീടും സ്ഥലവും നൽകാൻ വേഗം തന്നെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിനു പിന്നിലെ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11ന് ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് യുവമോർച്ച അറിയിച്ചു.