
മാവേലിക്കര: തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ആശുപത്രിക്ക് പടിഞ്ഞാറ് വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയാണ് (32) പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാവേലിക്കര പുന്നമൂട് എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മന്റെ സുഹൃത്താണ് ഇവർ. ലിജു ഉമ്മനെ (40) ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ നർക്കോട്ടിക്ക് ഡിവൈ.എസ്.പി ബിനുകുമാറിന്റെയും ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.എ.ബേബിയുടെയും നിർദ്ദേശാനുസരണം സ്‌പെഷൽ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. വീടിനുള്ളിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ്, 3 പ്ലാസ്റ്റിക് കുപ്പികളിലായി നാലര ലിറ്റർ ചാരായം, 2 കന്നാസുകളിലായി 30 ലിറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ, വീടിന്റെ അടുക്കളയിൽ നിന്ന് വാറ്റുപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
തെക്കൻ കേരളത്തിൽ പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് വില്പനയ്ക്കായി കരുതിവച്ചിരുന്ന ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ലിജു ഉമ്മന്റെ നേതൃത്വത്തിൽ കഞ്ചാവും മറ്റും വീട്ടിൽ ശേഖരിച്ച ശേഷം ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിൽ നിമ്മി എത്തിച്ച് കൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന, ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് ലിജു പൊലീസ് പരിശോധനയിൽ നിന്നു രക്ഷപ്പെട്ടിരുന്നത്. നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശി സേതു എന്ന വിനോദ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ചത്. പൊലീസ് റെയ്ഡിനെത്തുമ്പോൾ നിമ്മിയുടെ 8 വയസുള്ള മകനും 4 വയസുള്ള മകളും വീട്ടിലുണ്ടായിരുന്നു. ഇവരെ നിമ്മിയുടെ ബന്ധുവിന് പൊലീസ് കൈമാറി.
മാന്നാർ സി.ഐ എസ്.ന്യൂമാൻ, മാവേലിക്കര എസ്.ഐ എബി പി.മാത്യു, എസ്.ഐ കെ.കെ.പ്രസാദ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ വൈ.ഇല്യാസ്, സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗീസ്, പ്രതാപചന്ദ്ര മേനോൻ, എം.പ്രസന്നകുമാരി, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മനു, മുഹമ്മദ് ഷാഫി, ഗിരീഷ് ലാൽ, ശ്രീകുമാർ, ജി.ഗോപകുമാർ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്