hemachandran-ips

നെയ്യാറ്റിൻകരയിൽ ഇപ്പോഴത്തേതിന് സമാനമായ സംഭവം സർവീസിന്റെ ആദ്യകാലത്ത് ഞാൻ നെയ്യാറ്റിൻകര ജോയിന്റ് എസ്.പിയായിരിക്കുമ്പോൾ അവിടെ ഉണ്ടായിട്ടുണ്ട്. 35 വർഷം മുൻപാണ്. ഉച്ചസമയത്ത് ഓഫീസിലിരിക്കുമ്പോൾ രണ്ടു മൂന്നു സ്ത്രീകൾ വലിയ കരച്ചിലും ബഹളവുമായെത്തി അലമുറയിടാൻ തുടങ്ങി. ''സാറെ, ഞങ്ങളുടെ വീടെല്ലാം തകർത്തുകൊണ്ടിരിക്കുന്നു. കുറെ ഗുണ്ടകളും വണ്ടികളുമുണ്ട്. പെട്ടെന്നെന്തെങ്കിലും ചെയ്യണം സാർ.'' പാറശ്ശാല പൊലീസ് സ്‌റ്റേഷൻ അതിർത്തിയിൽ അവരും ബന്ധുക്കളുമെല്ലാമായി എട്ടു പത്താളുകൾ വർഷങ്ങളായി താമസിക്കുന്ന സാമാന്യം വലിയ വീടായിരുന്നു വിഷയം.

''അത് സംബന്ധിച്ച സിവിൽ കേസിൽ കോടതിയിൽ നിന്ന് എന്തോ ഇടക്കാല ഉത്തരവുണ്ടെന്നു പറഞ്ഞ് ഞങ്ങളെ സർക്കിൾ ഓഫീസിൽ കൊണ്ടു പോയി. ഞങ്ങളവിടെ നിന്ന നേരത്താണ് വീടെല്ലാം അവർ ഗുണ്ടകളേയും കൊണ്ടുവന്ന് തകർക്കുന്നത്.'' സംഭവം ഗുരുതരവും അടിയന്തരവുമാണെന്ന് വ്യക്തമായി.

പാറശ്ശാല എസ്.ഐയെ ഫോൺ ചെയ്ത് ഉടൻ സ്ഥലത്തു പോയി, വീട് പൊളിക്കുകയാണെങ്കിൽ നിറുത്തിവയ്ക്കാൻ പറഞ്ഞു. പൊലീസ് വേണ്ടത് ചെയ്യുമെന്ന് പറഞ്ഞ് സ്ത്രീകളെ മടക്കിഅയച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് എസ്.ഐ സ്ഥലത്തുപോയി തിരികെ വന്നിട്ട് എനിക്ക് ഫോൺ ചെയ്തു. ''സാർ, ഏതാണ്ട് അതെല്ലാം പൊളിച്ചുകഴിഞ്ഞിരുന്നു, ഞങ്ങളെത്തുമ്പോൾ. വലിയൊരു സന്നാഹം പൊളിക്കാനുണ്ടായിരുന്നു. വളരെ കുറച്ചേ ഇനി ബാക്കിയുള്ളു. അവിടെവച്ച് നിറുത്തിയിട്ടുണ്ട് . കോടതി ഉത്തരവുണ്ടെന്നൊക്കെയാണ് പറയുന്നത് '' നിസ്സംഗതയാണോ നിസ്സഹായതയാണോ ചെറുപ്പക്കാരനായ എസ്.ഐയുടെ വാക്കുകളിൽ നിഴലിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. വലിയൊരു അനീതി നടന്നുവെന്നൊരു തോന്നൽ എന്റെ മനസ്സിലുണ്ടായി.

പിന്നീട് സർക്കിൾ ഇൻസ്‌പെക്ടറിൽ നിന്നാണ് ഞാൻ മുഴുവൻ കാര്യങ്ങളും മനസ്സിലാക്കിയത്. നേരിട്ട് സർക്കിളായി നിയമനം ലഭിച്ച അദ്ദേഹം, എന്റെ നോട്ടത്തിൽ സത്യസന്ധനും ശുദ്ധഗതിക്കാരനുമായിരുന്നു; മനുഷ്യരേയും സാഹചര്യങ്ങളേയും വിലയിരുത്തുന്നതിൽ ചില പരിമിതികളുണ്ടായിരുന്നുവെന്നു മാത്രം. എസ്.പിയുടെ നിരന്തരമായ കുറ്റപ്പെടുത്തലുകൾക്കു വിധേയനായിരുന്നു അദ്ദേഹമെന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും നിസ്സാര വീഴ്ചയുടെ പേരിൽ കടുത്ത ആക്ഷേപവും വിമർശനവും ഏറ്റിട്ടുണ്ട്. വസ്തുതർക്കത്തിൽ അനുകൂല കോടതി വിധിയുണ്ടെന്നു പറഞ്ഞാണ് കക്ഷി മേലുദ്യോഗസ്ഥനെ സമീപിച്ചത്. വീട് കൈവശം വച്ച് താമസിക്കുന്നവരെ പുറത്താക്കാനുള്ള ഉത്തരവെന്ന നിലയിലാണ് എസ്.പി ഈ വിഷയത്തെ കണ്ടത്. ആ സമീപനത്തിനു പിന്നിൽ മറ്റ് ശക്തികളുമുണ്ടാകുമെന്നതിൽ സംശയമില്ല.

യഥാർത്ഥത്തിൽ അതൊരു ഏകപക്ഷീയ ഉത്തരവായിരുന്നുവെന്നു മാത്രമല്ല, പൊലീസ് സംരക്ഷണമൊന്നും കോടതി നിർദ്ദേശിച്ചിട്ടുമില്ലായിരുന്നു. എന്നാൽ, പരാതിയുമായി മേലുദ്യോഗസ്ഥന്റെ അടുത്തു ചെന്നപ്പോൾ അദ്ദേഹം സർക്കിൾ ഇൻസ്‌പെക്ടറെ പരാതിക്കാരന്റെ സാന്നിദ്ധ്യത്തിൽ ഫോണിൽ വിളിച്ചു . താൽക്കാലികമായിട്ടെങ്കിലും താമസക്കാരെ വീട്ടിൽനിന്നു മാറ്റണമെന്ന് നിർദ്ദേശിച്ചു. തൊട്ടടുത്ത ദിവസം കക്ഷികളെല്ലാം സി.ഐ ഓഫീസിലെത്തി. അതൊരു കെണിയായിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് ലഭിച്ചവർ പ്രബലരായിരുന്നു. വീട്ടുകാർ സ്‌റ്റേഷനിലെത്തേണ്ട താമസം, അവർ സർവ്വസന്നാഹവുമായി എത്തി വീടെല്ലാം നിലംപരിശാക്കി. വളരെ ആസൂത്രിതമായ കുതന്ത്രമാണ് അരങ്ങേറിയത്. അതിൽ പൊലീസുദ്യോഗസ്ഥനും മറ്റു പല ശക്തികളും പിന്നണിയിലുണ്ടായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്.

കുറെ മനുഷ്യർ സ്വസ്ഥമായി താമസിച്ചിരുന്ന വീട് സിവിൽ കേസ് തീരുമാനമാകും മുൻപേ വളഞ്ഞവഴിയിൽ തകർത്തു. ആ അനീതിയിൽ പൊലീസ് മുഖ്യ പങ്കാളിയായി. പിന്നീട് ചില നല്ല നിയമ നടപടികളും ഇരകൾക്കു ഗുണകരമായ ഇടപെടലുകളും നടത്തിയെങ്കിലും, അതൊന്നും അവർക്കുണ്ടായ നഷ്ടത്തിനും വേദനയ്ക്കും പരിഹാരമായില്ല.