
കുമ്പളങ്ങിയിലെ ഫ്രാങ്കിയായും തണ്ണീർമത്തനിലെ ജെയ്സണായും പ്രേക്ഷക ഹൃദയം കീഴടക്കിയ  മാത്യു തോമസിന്റെ  പുതുവർഷ വിശേഷങ്ങൾ....
''ഓരോ തിരക്കഥ വായിക്കുമ്പോഴും അതിലെ എന്റെ കഥാപാത്രങ്ങളെയല്ല നോക്കാറുള്ളത്. ആ തിരക്കഥ സിനിമയാക്കുമ്പോൾ എത്ര നല്ല സിനിമയായിരിക്കുമെന്നതാണ് . നല്ല സിനിമകളുടെ ഭാഗമാവാൻ മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്. അതിലെ എന്റെ കഥാപാത്രം ചെറുതാണോ വലുതാണോ എന്നൊന്നും നോക്കാറില്ല."" പ്രായത്തിൽ കവിഞ്ഞ പക്വതയോടുകൂടിയാണ് മാത്യു തോമസ് ഇക്കാര്യം പറഞ്ഞവസാനിപ്പിച്ചത്. മാത്യു തോമസ് മലയാളികൾക്ക് ഫ്രാങ്കിയും ജെയ്സണും കുഞ്ഞു ബെഞ്ചമിൻ ലൂയിസുമാണ്. 2019ൽ ഇറങ്ങിയ മികച്ച ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമ യാത്ര തുടങ്ങിയ മാത്യു തോമസ് നായകനായ രണ്ടാമത്തെ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ അതേ വർഷത്തെ ജനപ്രിയ ചിത്രമായി മാറി. മാത്യു തോമസ് എന്ന പ്ലസ് ടുക്കാരന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ വിരുന്നുകാരനാണ് സിനിമ. ഇപ്പോൾ സിനിമയുമായി കൂടുതൽ അടുത്തു ,സനേഹിച്ചുതുടങ്ങി. പുതിയ വർഷത്തിൽ പഠനവു സിനിമയും ഒരുമിച്ച് കൊണ്ട് പോകാനാണ് മാത്യുവിന്റെ തിരുമാനം. പുതിയ പ്രതീക്ഷകളെക്കുറിച്ച് തിരുവാങ്കുളത്തെ വീട്ടിലിരുന്ന് മാത്യു സംസാരിച്ചു തുടങ്ങി.
സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണ്
2020 എല്ലാവർക്കും മോശം വർഷമായിരിക്കാം. പക്ഷേ എനിക്കങ്ങനെ തോന്നിയിട്ടില്ല. കഴിഞ്ഞ വർഷത്തിൽ ആദ്യം ഇറങ്ങിയ അഞ്ചാം പാതിര എന്ന ഹിറ്റ് സിനിമയുടെ ചെറിയൊരു ഭാഗമാവാൻ എനിക്ക് സാധിച്ചു. ലോക്ക് ഡൗണിൽ ഒരുപാട് സിനിമകളും സീരീസുകളും കണ്ടു തീർത്തു. ലോക് ഡൗൺ സമയത്ത് പുതിയ സിനിമകളുടെ തിരക്കഥകൾ വായിക്കുന്നുണ്ടായിരുന്നു. തിരക്കഥകൾ വായിക്കുമ്പോൾ എന്റെ കഥാപാത്രത്തെ അല്ല ഞാൻ ശ്രദ്ധിക്കുന്നത് ആ സിനിമയെയാണ്. നല്ല സിനിമകളുടെ ഭാഗമാവണമെന്നാണ് ആഗ്രഹം. ധ്യാൻ ,അജു ചേട്ടൻ ,സൈജു ചേട്ടൻ ,ദിലീഷേട്ടൻ ചിത്രം പ്രകാശൻ പറക്കട്ടെ എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. 2021ന്റെ തുടക്കം ഈ സിനിമയുടെ ചിത്രീകരണമായിരിക്കും.അതുപോലെ അനൗൺസ് ചെയ്യാത്ത രണ്ടു മുന്ന് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചറാണ് എടുക്കുന്നത്. സിനിമയും പഠനവും ഒരുപോലെ കൊണ്ടുപോകണം.

മമ്മൂക്കയോടൊപ്പം അഭിനയിച്ചു
മമ്മൂക്കയോടൊപ്പം വണ്ണിൽ അഭിനയിച്ചു. സനൽ എന്നാണ് കഥാപാത്രത്തിന്റെ പേര്.കോളേജ് പയ്യനാണ്.മുഴുനീള കഥാപാത്രമാണ്. മമ്മൂക്കയോടൊപ്പം കോമ്പിനേഷൻ സീനുകളെല്ലാം ഉണ്ടായിരുന്നു. അതൊരു മഹാഭാഗ്യമായാണ് കാണുന്നത്. എപ്പോഴും ഒപ്പം അഭിനയിക്കുന്നവരെ ശ്രദ്ധിക്കും മമ്മൂക്ക. അഭിനയം നന്നായിയെന്നൊക്കെ പറയും. കൂടുതൽ ടിപ്പുകളൊക്കെ പറഞ്ഞു തരും.മമ്മൂക്കയിൽ നിന്ന് ഒരുപാട് പഠിക്കാൻ പറ്റി.തിയേറ്ററുകൾ തുറന്നാൽ വണ്ണിന്റെ റിലീസ് കാണും.ഓപ്പറേഷൻ ജാവ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്. അതും റിലീസിനൊരുങ്ങി ഇരിക്കുകയാണ്.
അങ്ങനെ കുമ്പളങ്ങിയിൽ എത്തി
പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൊച്ചിയിലെ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ കുമ്പളങ്ങിയുടെ സംഘം ഓഡിഷൻ നടത്താനെത്തിയത്. എല്ലാവരും പോവുന്നു. എന്നാൽ വെറുതേ  ഒന്ന് പോയേക്കാമെന്ന് തോന്നി . അഭിനയത്തിൽ മുൻ പരിചയമില്ല. കുടുംബത്തിൽ ആരും സിനിമയിലില്ല. ആദ്യം നടത്തിയ ലുക്ക് ടെസ്റ്റിൽ സെലക്ട് ചെയ്തു.എന്നിട്ടും അതത്രെ ഗൗരവത്തിലൊന്നും എടുത്തില്ല. പിന്നെയും രണ്ടു ഓഡിഷനുകൾ ഉണ്ടായി. അതിലും സെലക്ടായി. പേടിയോ ടെൻഷനോ ഒന്നും തോന്നിയില്ല.ചിത്രീകരണത്തിന് മുൻപ് ആറുമാസത്തോളം കുമ്പളങ്ങി ടീമിനൊപ്പം കൂടി. ഭാസിയും സൗബിനിക്കയും ഷെയ്നും ഫഹദ് ഇക്കയുമെല്ലാം നല്ല സപ്പോർട്ടായിരുന്നു. ദിലീഷേട്ടൻ(ദിലീഷ് പോത്തൻ ) വന്നു അഭിനയ സാധ്യതകളെ കുറിച്ചെല്ലാം പറഞ്ഞു തന്നിരുന്നു. ശ്യാമേട്ടനും മധുവേട്ടനും (ശ്യാം പുഷ്ക്കരൻ, മധു സി നാരായൻ )ഒപ്പം നിന്ന് എല്ലാം പറഞ്ഞ് തരും. വഞ്ചി തുഴയാനും മീൻ വല എറിയാനുമെല്ലാം പഠിച്ചു. കുമ്പളങ്ങിയിലെ ആ വീട്ടിലേക്ക് കയറിച്ചെല്ലുന്ന സീനാണ് ആദ്യം എടുത്തത്. ഇത്രയും വലിയൊരു ടീമിന്റെ കൂടെ ആദ്യ സിനിമ. എന്റെ കഥാപാത്രം ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം. ഫ്രാങ്കിയെ എല്ലാവരും ഇപ്പോഴും ഇഷ്ടപ്പെടുന്നു.

 തണ്ണീർ മത്തന്റെ മധുരം
കുമ്പളങ്ങി നൈറ്റ്സ് റിലീസ് ചെയ്ത അടുത്തമാസമാണ് തണ്ണീർമത്തന്റെ നിർമാതാക്കളിൽ ഒരാളായ ഷെബിൻ ബക്കർ തണ്ണീർ മത്തനിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് സംവിധായകൻ ഗിരീഷേട്ടനും തിരക്കഥ കൃത്ത് ഡിനോയ് ചേട്ടനും വന്നു കഥ പറഞ്ഞു.ആദ്യം കേട്ടപ്പോഴേ കഥ ഇഷ്ടമായി. ഗിരീഷേട്ടൻ മുൻപ് ചെയ്തിട്ടുള്ള വർക്കുകളൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗിരീഷേട്ടന്റെ കൂടെ വർക്ക് ചെയ്യണമെന്ന് തോന്നി. പിന്നെ ജോമോൻ ചേട്ടന്റെ പ്രൊഡക്ഷൻ. കുമ്പളങ്ങിയിൽ നിന്ന് വ്യത്യസ്തമായൊരു ലൊക്കേഷൻ അനുഭവമായിരുന്നു തണ്ണീർമത്തൻ ദിനങ്ങളുടേത്. ഒരേ പ്രായത്തിലുള്ള ഞങ്ങൾ ഒരുപാടുപേർ.എല്ലാവരും കൂടിയുള്ള ഒരു വെക്കേഷൻ പോലെയായിരുന്നു തണ്ണീർ മത്തന്റെ ലൊക്കേഷൻ. ഗിരീഷേട്ടൻ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരും ഞാൻ അതപോലെ ചെയ്യും. വിനീത് ഏട്ടനും(വിനീത് ശ്രീനിവാസൻ ) ഒരുപാട് സഹായിച്ചു. അഭിനയം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ടിപ്പുകളെല്ലാം പറഞ്ഞു തന്നിരുന്നു.
ഇഷ്ടമുള്ളത് ചെയ്യാനാണ് വീട്ടുകാരും പറയാറ്
പ്ലസ് ടു റിസൾട്ട് വന്നപ്പോൾ മോശമല്ലാത്ത വിജയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട്ടുകാർ ഹാപ്പിയാണ്. അഭിനയം എന്റെ ഇഷ്ടമാണ്. അത് മുന്നോട്ട് കൊണ്ടുപോകണമെന്നു തന്നെയാണ് അവരും പറയുന്നത്. അച്ഛൻ ബിജു ജോൺ ,അമ്മ സൂസൻ മാത്യു ,ചേട്ടൻ ജോൺ തോമസ് .