
 വെട്ടിനിരത്തൽ ബൂത്ത് മുതൽ കെ.പി.സി.സി തലം വരെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് സംസ്ഥാന കോൺഗ്രസിൽ ഡി.സി.സി തലം വരെ കമ്മിറ്റികളിൽ ഉടച്ചുവാർക്കലിന് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കെ, പാർട്ടി ഭാരവാഹികളിൽ നിലവിൽ പിന്നാക്ക സമുദായ പ്രാതിനിദ്ധ്യം തുലോം പരിമിതം. ബൂത്ത് തലം മുതൽ കെ.പി.സി.സി തലം വരെ പിന്നാക്ക സമുദായക്കാരെ ഗ്രൂപ്പ് മേലാളന്മാർ അവഗണിക്കുന്നതിന് കണക്കുകൾ തന്നെ സാക്ഷ്യം.
പാർട്ടിയെക്കാൾ പ്രാമുഖ്യം ഗ്രൂപ്പുകൾക്ക് കൈവന്നതാണ് ഇപ്പോഴത്തെ വലിയ ദുര്യോഗമെന്നാണ് ഹൈക്കമാൻഡ് നേതാക്കൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി പറഞ്ഞത്. എ,ഐ മേൽക്കോയ്മ സംഘടനയെ മുച്ചൂടും ഗ്രസിച്ചതോടെ, ഗ്രൂപ്പ് നേതാക്കളുടെ ഇംഗിതവും ബലാബലവും മാത്രം നോക്കിയുള്ള നാമനിർദ്ദേശങ്ങളാണ് നിർബാധം തുടരുന്നത്. ഒപ്പമുള്ള പിന്നാക്ക സമുദായക്കാർ ഉയർന്നുവരാൻ ഇരുകൂട്ടരും അനുവദിക്കുകയുമില്ല.
കോൺഗ്രസിൽ ഒടുവിൽ നടന്ന സംഘടനാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ഈഴവരും വിശ്വകർമ്മജ,ധീവര,നാടാർ തുടങ്ങിയ മറ്റ് പിന്നാക്ക സമുദായങ്ങളും വെട്ടിനിരത്തപ്പെട്ടതിന്റെ അടിസ്ഥാനവും ഇതുതന്നെ. തിരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും നേരിട്ട തിരിച്ചടികൾക്ക് പല കാരണങ്ങളും പരസ്യമായി നിരത്തുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഈ വെട്ടിനിരത്തൽ ഏല്പിച്ച 'കാഠിന്യം' രഹസ്യമായി സമ്മതിക്കുന്നു. 'മാടമ്പള്ളിയിലെ യഥാർത്ഥ രോഗിയെ' ഇനിയെങ്കിലും കണ്ടെത്തി ചികിത്സിക്കാത്ത പക്ഷം, മൂന്നു മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ 'രോഗവ്യാപനം ' കൂടുമെന്നും, പാർട്ടി കൂടുതൽ 'സാമൂഹ്യ അകല'ത്തിലാവുമെന്നുമാണ് അവരുടെ ഉത്കണ്ഠ.
ഈഴവ സമുദായ
പ്രാതിനിദ്ധ്യം ഇങ്ങനെ
കമ്മിറ്റി, എണ്ണം, ഭാരവാഹികൾ, ഈഴവർ
 ബൂത്ത് - 24971 - 149826 -3421
 വാർഡ് -19489 -175401 - 6210
 മണ്ഡലം -1507 -22112 -1368
 ബ്ളോക്ക് -280 -7280 -412
 ഡി.സി.സി -14 -1042 -64
 കെ.പി.സി.സി - 154 -22
 കെ.പി.സി.സി എക്സിക്യുട്ടീവ് -285 -17
പ്രസിഡന്റുമാർ
കമ്മിറ്റി, ആകെ, ഈഴവർ
 മണ്ഡലം -1507 - 47
 ബ്ളോക്ക് -280 - 21
 ഡി.സി.സി -14 - 3
(തിരുവനന്തപുരം ജില്ലയിലെ 28 കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റികളിൽ ഈഴവ സമുദായാംഗമായ കാട്ടാക്കട ബ്ളോക്കിലെ ഏക പ്രസിഡന്റിനെയും തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് നീക്കി)