
മലയാളത്തിലെ പുത്തൻ താരോദയം നൂറിൻ ഷെരീഫ് പറയുന്നു....
മലയാള സിനിമയിലെ നായികമാരിൽ ഏറ്റവുമധികം ഉദ്ഘാടനങ്ങൾ ചെയ്യുന്ന നടി ആരെന്നു  ചോദിച്ചാൽ നൂറിൻ ഷെരീഫ് എന്നാണുത്തരം .
ഉദ്ഘാടനങ്ങൾക്കുള്ള ചാൻസ് ഇത്രയേറെ തേടി വരുന്നതിന്റെ ഗുട്ടൻസ് എന്താണെന്ന് ചോദിച്ചാൽ നൂറിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി വിടരും. 'അതൊക്കെ ചുമ്മാ പറയുന്നതാ." വടക്കൻ കേരളത്തിൽ നിന്നാണ് നൂറിനെ ഉദ്ഘാടകരായി ക്ഷണിക്കാനുള്ള കൂടുതൽ വിളികൾ വരുന്നത്.
'കൊല്ലത്തുകാരിയാണെങ്കിലും വടക്കൻ കേരളത്തോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. മലപ്പുറത്തൊക്കെ ചെല്ലുമ്പോൾ തട്ടമിട്ട ചേച്ചിമാരും, പർദ്ദയിട്ട അമ്മമാരുമൊക്കെ മോളെയെന്ന് വിളിച്ച് സ്നേഹത്തോടെ ഒാടിവരും. ഞാൻ ഏറ്റവുമധികം ഉദ്ഘാടനങ്ങൾക്ക് പോയിട്ടുള്ളതും മലപ്പുറത്താണ്. നൂറിൻ പറഞ്ഞുതുടങ്ങി.
ഉദ്ഘാടനങ്ങളെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഒരു സമ്മാനം നൂറിന് ഒാർമ്മവരും.
'' മഞ്ചേരിയിൽ ഒരുവർഷം മുൻപ് ഒരു ഉദ്ഘാടനത്തിന് പോയതാണ് ഞാൻ. നാല് മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സാധാരണ നിശ്ചിതസമയത്തിനും കുറച്ച് വൈകിയാവും ഉദ്ഘാടനം നടക്കുക. ഉദ്ഘാടനം ചെയ്യപ്പെടുന്ന ഷോപ്പിന്റെ ഉടമകളുടെ ഒരു ടെക്നിക്കാണിത്. നേരം വൈകുന്തോറും കാണാൻ വരുന്നവരുടെ എണ്ണം കൂടും. മഞ്ചേരിയിൽ മെയിൻ റോഡിലായിരുന്നു ആ ഷോപ്പ്. നാലുമണിക്ക് തന്നെ ഞാനവിടെ ഹോട്ടലിലെത്തിയിരുന്നു. ഷോപ്പുകാര് കുറച്ച് വൈകി ഇറങ്ങിയാൽ മതിയെന്ന് എന്നോട് പറഞ്ഞിരുന്നു. നാല് മണികഴിഞ്ഞ് അഞ്ച് മണിയായി, ആറ് മണിയായി. മെയിൻ റോഡായിരുന്നതുകൊണ്ട് അവിടെ നേരത്തെ തന്നെ ആള് കൂടിയിരുന്നു. റോഡ് ബ്ളോക്കായി . ഞാനവിടെ ചെല്ലുമ്പോൾ ഇരുട്ട് വീണ് തുടങ്ങിയിരുന്നു. സ്റ്റേജിലും പരിസരത്തും സെക്യൂരിറ്റിക്കുള്ള നാലോ അഞ്ചോ ബൗൺസൺമാർ മാത്രമേയുണ്ടായിരുന്നുള്ളൂ. സ്റ്റേജിലേക്ക് കയറുന്നതിനിടയിൽ തിരക്കിൽപ്പെട്ട് ആരുടെയോ കൈ എന്റെ മൂക്കിൽ കൊണ്ടു. ഇടി കിട്ടിയതാണെന്നാണ് ഞാൻ കരുതിയത്. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് അബദ്ധത്തിൽ ആരുടെയോ കൈ കൊണ്ടതാണെന്ന് മനസിലായത്. മൂക്കിൽ നിന്ന് ചോര വരുന്നപോലെ തോന്നിയപ്പോൾ ഞാൻ കരഞ്ഞു. അങ്ങനെ ഒരവസരത്തിൽ ആരാണ് കരയാത്തത്!

എനിക്ക് മൂക്കിന് നേരത്തെ തന്നെ ഒരു പ്രശ്നമുണ്ട്. ഞാൻ സംസാരിക്കുന്നത് കേൾക്കുമ്പോൾത്തന്നെ ആർക്കും അത് മനസിലാകും. ജന്മനാ എനിക്കാ പ്രശ്നമുണ്ട്. മൂക്കിന്നിടികൊണ്ടു, കരഞ്ഞുവെന്നതൊക്കെ പലരും ട്രോളാക്കി. അതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്.
ഒരു അഡാർ ലൗ , ധമാക്ക രണ്ടേരണ്ട് സിനിമകളേ നൂറിന്റേതായി റിലീസായിട്ടുള്ളൂ. ഇനി വരാനുള്ളത് മരട് 357, വെള്ളേപ്പം എന്നീ ചിത്രങ്ങളാണ്.
ട്രോളുകൾ വേദനിപ്പിക്കുമ്പോൾ രണ്ടേ രണ്ട് സിനിമകൾ കൊണ്ട് ലഭിച്ച പ്രശസ്തിയാണ് നൂറിനെ ആഹ്ളാദിപ്പിക്കുന്നത്.
'ഞാൻ വളരെ സെൻസിറ്റീവാണ് . ചെറിയ കാര്യങ്ങൾക്ക് ചിലപ്പോൾ പൊട്ടിക്കരഞ്ഞെന്ന് വരും. വലിയ കാര്യങ്ങൾ ചിലപ്പോൾ അവഗണിച്ചെന്നും വരും." കലാകാരന്മാർക്ക് കൂടെപ്പിറപ്പായ അതേ പ്രകൃതമാണ് തനിക്കുമെന്ന് നൂറിൻ പറയും.നൃത്തമാണ് നൂറിന് സിനിമയിലേക്കുള്ള വഴി തുറന്നത്.
'മൂന്ന് വയസ് മുതൽ ക്ളാസിക്കൽ ഡാൻസ് പഠിക്കാൻ തുടങ്ങി. ചിത്ര ടീച്ചറായിരുന്നു ഗുരു. ഇടയ്ക്ക് വച്ച് ഡാൻസ് പഠനം നിന്നു. എട്ടാം ക്ളാസ് മുതൽ വീണ്ടും തുടങ്ങി. അമ്പിളിദേവിയുടെ സഹോദരിയായ അശ്വതി നൃത്തച്ചുവടുകളുടെ റഫറൻസ് അയച്ചിരുന്നു. അതിലെ മുട്ടുകൾ തുള്ളിച്ചുള്ള സ്റ്റെപ്പ് ഏറെ മുൻകരുതലുകളെടുത്താണ് ചെയ്തത്. കഷ്ടപ്പെട്ട് ചെയ്തതിന്റെ റിസൾട്ടും കിട്ടി.ചങ്ക്സ് എന്ന സിനിമയിലാണ് ആദ്യം നായികയായി ചാൻസ് കിട്ടിയത്. പിന്നീട് പല കാരണങ്ങളാലും അതിൽ ഉപനായികയാകേണ്ടിവന്നു. നിർമ്മാതാവിന്റെ നിർദ്ദേശപ്രകാരം സംവിധായകന് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നതാണ്. എനിക്കന്ന് പതിനെട്ട് വയസല്ലേയുള്ളൂ. ഏറ്റവും കൂടുതൽ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതിൽ നായികയായി മാറിയ പ്രിയ വാര്യരെ പിന്നീട് ഞാൻ നേരിൽ കണ്ടിട്ടില്ല. റോഷനെ ഒന്ന് രണ്ട് തവണ കണ്ടു. ഞങ്ങൾ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.മരട് 357 ആണ് എന്റെ അടുത്ത റിലീസ്. ജിനി എന്ന കഥാപാത്രമാണതിൽ. സീനിയർ നിർമ്മാതാവും, സീനിയർ സംവിധായകനും സീനിയർ താരങ്ങളും. അങ്ങനെ ഒരു ടീമിനൊപ്പം ഞാനാദ്യമാണ്.ശോഭന മാഡത്തിന്റെ മണിച്ചിത്രത്താഴിലെ കഥാപാത്രമാണ് എന്റെ എക്കാലത്തെയും ഫേവറിറ്റ്. അന്നാ ബെന്നിന്റെ ഹെലനാണ് അടുത്തിടെ കണ്ടതിൽ ഇഷ്ടപ്പെട്ടത്.

ഉമ്മയാണ് കുട്ടിക്കാലം തൊട്ടേ എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിരുന്നത്. ടെസീനയെന്നാണ് ഉമ്മയുടെ പേര്. സ്കൂളിലെ കലാകായിക മത്സരങ്ങളിലൊക്കെ പങ്കെടുപ്പിക്കാൻ ഉമ്മ എന്നെയും കൊണ്ട് പോകുമ്പോൾ വാപ്പ ആദ്യമൊക്കെ വഴക്ക് പറയുമായിരുന്നു. ഷെരീഫ് എന്നാണ് വാപ്പയുടെ പേര്. വിദേശത്തായിരുന്നു ജോലി. ഇപ്പോൾ നാട്ടിലുണ്ട്. എനിക്കൊരു ചേച്ചിയുണ്ട്. നസ്രിൻ. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. ഒരു കുട്ടിയുമുണ്ട്.ചേച്ചി എന്നെക്കാൾ നന്നായി ഡാൻസ് ചെയ്യും. പാടും അഭിനയിക്കും. പക്ഷേ ഒന്നും കാമറയ്ക്ക് മുന്നിലല്ലെന്ന് മാത്രം.
ബന്ധുക്കളിൽ ചിലർക്ക് ഇപ്പോഴും സിനിമയെന്നാൽ എന്തോ വലിയ തെറ്റാണെന്ന വിചാരമാണ്. ഏത് മേഖലയിലും നല്ലതും ചീത്തയുമുണ്ട്. ഏതുവഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്.സിനിമാതാരം ഒരു പബ്ളിക് ഫിഗറായത് കൊണ്ടാവാം കൊച്ചുകൊച്ചു കാര്യങ്ങൾപോലും വലിയ വാർത്തയാകുന്നത്. 
ഒരു ഡോക്ടറുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടായാലും ഒരു ആക്ടറുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടായാലും കൂടുതൽ ചർച്ചയാകുന്നത് ആക്ടറുടെ ജീവിതത്തിലെ പ്രശ്നമായിരിക്കും.സിനിമയെ മറ്റൊരു കണ്ണിൽ മാത്രം കണ്ടിരുന്ന എന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോൾ നൂറിന്റെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറയുന്നത് കാണുമ്പോൾ അഭിമാനമുണ്ട്.തെലുങ്കിൽ ഉൗ ല ല ലാ.. എന്ന സിനിമയിൽ അഭിനയിച്ചു. അതിന്റെ ടീസറിൽ ചില ഹോട്ട് സീനുകളുണ്ട്. പലരും അത് ഞാനാണെന്ന് തെറ്റിദ്ധരിച്ചു. അതിൽ എന്നെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ട്.ഭാഷ ഏതായാലും എനിക്ക് ഞാൻ തന്നെ ഒരു ബൗണ്ടറി ലൈൻ വച്ചിട്ടുണ്ട്. അത് വിട്ടുള്ള ഗ്ളാമർ ചെയ്യാൻ ഞാനൊരുക്കമല്ല.കൊല്ലം എം.എസ്. എം കോളേജിൽ നിന്ന് ബി.ബി.എം കഴിഞ്ഞു. നല്ല അവസരങ്ങൾ തേടിവരുന്ന കാലത്തോളം സിനിമയിൽത്തന്നെ തുടരാനാണ് ആഗ്രഹം.